തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണത്തിന് പ്രത്യേക ക്രമീകരണമൊരുക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ. ഇ-പോസ് സംവിധാനത്തിലെ തകരാർ മൂലം റേഷൻ വിതരണത്തിന് തടസം നേരിടുന്നതിനെ തുടർന്നാണ് നടപടി.
റേഷൻ വിതരണം ഏഴു ജില്ലകളിൽ വീതമായി ക്രമീകരിക്കുമെന്ന് മന്ത്രി ജി.ആര്.അനില്‍ പറഞ്ഞു. ഏഴ് ജില്ലകളിൽ രാവിലെയും ഏഴ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവുമായിട്ടാകും വിതരണം. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിൽ രാവിലെ റേഷൻ വിതരണം നടക്കും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിലുള്ളവർക്ക് ഇന്ന് ഉച്ചകഴിഞ്ഞ് റേഷൻ വാങ്ങാം.
സർവർ തകരാർ പരിഹരിക്കുന്നതുവരെയാകും ഈ സംവിധാനം. അഞ്ചുദിവസത്തിനുള്ളില്‍ സര്‍വര്‍ തകരാര്‍ പൂര്‍ണമായി പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. സർവര്‍ കപ്പാസിറ്റിയുമായി ബന്ധപ്പെട്ടാണ് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നത്. സ്റ്റേറ്റ് ഡേറ്റാ സെന്ററുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് റേഷന്‍ വിതരണം സുഗമമായി നടക്കുന്നുണ്ടെന്നും ചിലര്‍ കടകള്‍ അടച്ചിട്ട് അസൗകര്യം ഉണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Also Read: സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി