/indian-express-malayalam/media/media_files/uploads/2019/11/assembly.jpg)
തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച നാല് എം.എല്‍.എമാര്‍ക്ക് സ്പീക്കറുടെ ശാസന. റോജി.എം.ജോണ്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി, ഐ.സി.ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് ശാസന. സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിക്കുകയായിരുന്നു എംഎല്‍എമാര്‍. ഇത് സഭയുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് സ്പീക്കര്‍ പറഞ്ഞു. ജനാധിപത്യ ബോധത്തോടെ നടപടി അംഗീകരിക്കണമെന്നും സ്പീക്കര്‍.
അതേസമയം, നടപടി ഒ.രാജഗോപാല്‍ പറഞ്ഞിട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നടപടി കക്ഷിനേതാക്കളുടെ യോഗത്തില്‍ അറിയിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. ദുര്‍വ്യാഖ്യാനം വേണ്ടെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. ഇതേത്തുടര്‍ന്ന് സഭയില്‍ ശക്തായ വാഗ്വാദമാണ് അരങ്ങേറിയത്. പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭ നിര്‍ത്തിവച്ചിരിക്കുകയാണ്.
നേരത്തെ, കെഎസ്‌യു മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിപക്ഷം സഭയില്‍ ബഹളം സൃഷ്ടിച്ചു. മുഖ്യമന്ത്രി മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇന്നത്തെ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെയായിരുന്നു പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ മറുപടി ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രി മറുപടി പറയാതെ ചോദ്യോത്തര വേളയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംഭവം സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം കൂട്ടാക്കിയില്ല. സ്പീക്കര്‍ ചോദ്യോത്തര വേളയുമായി മുന്നോട്ടുപോയതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.