/indian-express-malayalam/media/media_files/uploads/2017/02/ramesh-chennithala-759.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാമർശം പിൻവലിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നീതി പുലർത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവസേനയെ കോൺഗ്രസ് വാടകയ്‌ക്കെടുത്തതാണോയെന്ന മുഖ്യമന്ത്രിയുടെ പരാമർശം സഭ രേഖകളിൽ നിന്ന് നീക്കണമെന്ന ആവശ്യത്തിലാണ് പ്രതിപക്ഷത്തിന് അതൃപ്തി.
ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്ത നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടുത്തളത്തിലേക്ക് ഇറങ്ങി വന്ന് പ്രതിപക്ഷ അംഗങ്ങളോട് കയർത്ത് സംസാരിച്ചത്. ഇത് ശരിയല്ല. ആർഎസ്എസിനോടും ബിജെപി യോടും പോരാടുന്നതിന് കോൺഗ്രസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പിൻവലിക്കാൻ റൂളിംഗ് നൽകുമെന്നാണ് ഇന്നലെ അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞത്. ഇന്ന് ചോദ്യോത്തര വേള തുടങ്ങുന്പോൾ ഇക്കാര്യം ആവശ്യപ്പെട്ടു. ഇപ്പോൾ പരിഗണിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി.
സഭയിൽ സ്പീക്കർ ഒരു വിഭാഗത്തിന് വേണ്ടി മാത്രമായാണ് പ്രവർത്തിക്കുന്നത്. ഇത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിവസേന പ്രവർത്തകർ എറണാകുളം മറൈൻ ഡ്രൈവിൽ നടത്തിയ അതിക്രമങ്ങളെ കുറിച്ച് ഇന്നലെ സഭയിൽ ഹൈബി ഈഡൻ എംഎൽഎ അടിയന്തിര പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ സമ്മർദ്ദത്തിലാക്കി പരാമർശം നടത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.