തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ബഹളത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കുറിപ്പിലെ ഉള്ളടക്കം വെളിപ്പെടുത്തി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. ബഹളത്തിനിടെ ബില്ലുകള്‍ മുങ്ങിപ്പോകരുത് എന്നായിരുന്നു കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞതെന്ന് മാതൃഭൂമി ന്യൂസിലെ ചോദ്യം ഉത്തരം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ സ്പീക്കര്‍ വ്യക്തമാക്കി.
സഭ പിരിയാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്പീക്കറുടെ വെളിപ്പെടുത്തല്‍. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ലാഭത്തിന് ചൂട്ട് പിടിക്കലല്ല സ്പീക്കറുടെ ജോലിയെന്നും ശ്രീരാമകൃഷ്ണന് വ്യക്തമാക്കി.
സ്പീക്കര്‍ക്കെതിരെ ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും സ്പീക്കര്‍ ആരോപിച്ചു. സ്പീക്കര്‍ ഏകാധിപതിയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് താനിപ്പോള്‍ മറുപടി പറയുന്നില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
യുഡിഎഫ് ഭരണകാലത്ത് അന്നത്തെ സ്പീക്കറുടെ കസേര മറിച്ചിട്ടത് ഭൂതകാലത്തില്‍ പറ്റിയൊരു തെറ്റാണെന്നും അതൊരു സ്ഥിരനിക്ഷേപമാക്കി കുറ്റപ്പെടുത്താമെന്നു കരുതേണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
അതേസമയം, ബില്ലിനെക്കുറിച്ചാണ് മുഖ്യമന്ത്രി കുറിപ്പ് നല്കിയതെങ്കില് എന്തിനാണ് സഭ പിരിച്ചുവിതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ചോദിച്ചു. അങ്ങിനെയെങ്കില്‍ പ്രതിപക്ഷവുമായി സമാധാന ചര്‍ച്ച നടത്തി ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയായിരുന്നു വേണ്ടതെന്നും കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞു.