സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇന്നും കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല; സുഖമില്ലെന്ന് വിശദീകരണം നല്‍കി

ക്രൈം ബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

Kerala News Live, Kerala News in Malayalam Live

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇന്ന് ഹാജരാകില്ല. അസുഖമുള്ളതിനാല്‍ ഹാജരാകാന്‍ സാധിക്കില്ല എന്ന് സ്പീക്കര്‍ അറിയിച്ചു. രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്താനായിരുന്നു നിര്‍ദേശം.

കഴിഞ്ഞ മാസവും ഹാജരാകാന്‍ നോട്ടിസ് നല്‍കിയെങ്കിലും തിരഞ്ഞെടുപ്പ് തിരക്കുകള്‍ മൂലം സമയം നീട്ടി നല്‍കാന്‍ പി ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. വോട്ടിങ്ങിന് ശേഷം ഹാജരാകാമെന്ന് രേഖാമൂലം കസ്റ്റംസിനെ അറിയിക്കുകയും ചെയ്തു.

ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന, സരിത്ത് എന്നിവരുടെ രഹസ്യ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്.

Read More: മന്‍സൂര്‍ വധം: കലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് സമാധാനയോഗം

ക്രൈം ബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഉന്നതര്‍ക്കെതിരെ മൊഴി നല്‍കാന്‍ ഇഡി സമ്മര്‍ദം ചെലുത്തി എന്ന സന്ദീപ് നായരുടെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. കോടതി ഉത്തരവ് വരുന്നത് വരെ കേസില്‍ തുടര്‍നടപടി ഉണ്ടാകില്ല എന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

സ്വപ്നയുടെതെന്ന് കരുതപ്പെടുന്ന ശബ്ദരേഖയിലും സമാന പരാതി ഉന്നയിച്ചിരുന്നു. കേസിന്റെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ഇഡി ഇടക്കാലാവശ്യമായി ഉന്നയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇഡിയുടെ ആവശ്യത്തിനെ എതിര്‍ക്കുകയായിരുന്നു. അന്വേഷണം അത്യാവശ്യമാണെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Speaker p sreeramakrishnan will not present before customs today

The moderation of comments is automated and not cleared manually by malayalam.indianexpress.com