കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്പീക്കർ. ആർജ്ജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പൊന്നാനിയിൽ തനിക്കെതിരെ മത്സരിക്കണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. പൊന്നാനിയിൽ വന്ന് രമേശ് ചെന്നിത്തല എനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. പ്രതികാര ബുദ്ധിയോടെയാണ് അദ്ദേഹം പെരുമാറുന്നതെന്നും സ്പീക്കർ ആരോപിച്ചു. ചെന്നിത്തലയ്ക്ക് സ്ഥലജല വിഭ്രാന്തിയെന്നും സ്പീക്കർ വിമർശിച്ചു.
സ്പീക്കർക്കെതിരെ രമേശ് ചെന്നിത്തല ഇന്നലെ രൂക്ഷ വിമർശനം നടത്തിയിരുന്നു. പൊന്നാനിയുടെ നിയമസഭാ പ്രതിനിധി കേരളത്തിന്റെ നിയമസഭാ സ്പീക്കര്‍ കൂടിയാണെന്നും ആ പദവിക്ക് യോജിക്കാത്ത ചെയ്തികളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ചെന്നിത്തല വിമർശിച്ചു. സ്വന്തം മണ്ഡലത്തിലെ കടല്‍ഭിത്തി നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പോലും അദ്ദേഹം തയാറായിട്ടില്ല. പൊന്നാനിയിൽ ഇത്തവണ യുഡിഎഫ് ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More: ജനാധിപത്യ മൂല്യങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുക: ഇന്ത്യയോട് യുഎസ് കോൺഗ്രസ് അംഗങ്ങൾ
ഡോളർ കടത്ത് കേസ് സത്യസന്ധമായി അന്വേഷിച്ചാൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പ്രതിക്കൂട്ടിൽ നിൽക്കും. സ്പീക്കർക്കെതിരെ കോടതിയിൽ നൽകിയ രഹസ്യമൊഴി വായിച്ച ജഡ്ജി ഞെട്ടിപ്പോയെന്നാണ് പറഞ്ഞത്. നമ്മളാണ് അത് വായിച്ചിരുന്നതെങ്കിൽ ബോധം കെട്ട് വീഴുമായിരുന്നു. ഇതുപോലെ അപമാനിതനായ സ്പീക്കർ നിയമസഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ വിദേശമലയാളികൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നിക്ഷേപം ഉണ്ടെന്നും ഡോളര്‍ കടത്തിൽ അറസ്റ്റിലായ സ്വപ്ന സുരേഷും സരിതും ഇതു സംബന്ധിച്ച് മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെ ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട് സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് വാർത്തകൾ പുറത്തുവന്നു. നയതന്ത്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്നത് മാധ്യമസൃഷ്ടി മാത്രമെന്നും വാര്‍ത്താ ദാരിദ്രം കൊണ്ടാണ് ഇതുസംഭവിക്കുന്നതെന്നുമായിരുന്നു സ്പീക്കറുടെ പ്രതികരണം.