/indian-express-malayalam/media/media_files/uploads/2017/08/SREERAMAKRISHNAN19260793_1337470832955129_4999515106563198583_n.jpg)
കോട്ടയം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജ്ജ് എംഎല്‍യെ പരോക്ഷമായി വിമര്‍ശിച്ച് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഉന്നതമായ ധാർമ്മിക മൂല്യങ്ങൾകൊണ്ട് സമൂഹത്തെ നയിക്കാൻ ബാധ്യതപ്പെട്ട ജനപ്രതിനിധികളിൽനിന്നുപോലും ഇത്തരം പരാമർശങ്ങളുണ്ടാകുന്നതിൽ ലജ്ജിച്ചുതലതാഴ്ത്തുന്നതായി അദ്ദേഹം പറഞ്ഞു.
"രാജസദസ്സിൽ സ്വന്തം സഹോദരപത്നിയായ ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസന ചേഷ്ടകൂടിയാണ് മഹാഭാരതയുദ്ധത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്ന്. സർവ്വനാശമായിരുന്നു അതിന്റെ ഫലം. സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും പുരോഗമനകേരളത്തിൽപ്പോലും ചില തനിയാവർത്തനങ്ങളുണ്ടാകുന്നത് ഖേദകരമാണ്. അർദ്ധരാത്രിയിൽ വിശ്വസിച്ചു കയറിയ വാഹനത്തിനുള്ളിൽ അതിക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരുസഹോദരിയുടെ വേദനയെ ചവുട്ടിത്തേയ്ക്കുന്ന വിടുവായത്തം സകല അതിരുകളും കടന്നിരിക്കുന്നു. "ഞാൻ ആത്മഹത്യ ചെയ്യണമായിരുന്നോ " എന്ന് നടിയെക്കൊണ്ട് ചോദിപ്പിക്കുന്നതുവരെയെത്തിയ ക്രൂരവിനോദം സാംസ്കാരികകേരളത്തിന്റെ മുഖത്തേക്കുള്ള കർക്കിച്ചുതുപ്പലാണ്. മുഖത്തുതുപ്പുന്നവരോട് എങ്ങനെപ്രതികരിക്കണമെന്നതിനും കീഴ്വഴക്കങ്ങളുണ്ടെന്ന് ആരും മറന്നുപോകരുതെന്നും സ്പീക്കര്‍ പറഞ്ഞു.
ഇതിനിടെ നടി തനിക്കെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ താൻ ഭയപ്പെടുന്നില്ലെന്നും പിസി ജോർജ് കോട്ടയത്ത് പറഞ്ഞു. "പൾസർ സുനി പറയുന്നത് വിശ്വസിക്കരുത്. ദിലീപിനെതിരായ സുനിയുടെ മൊഴികൾക്ക് യാതൊരു അടിസ്ഥാനവുമില്ല. സുനി മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറഞ്ഞാൽ അറസ്റ്റ് ചെയ്യുമോ?" എന്നും പി.സി.ജോർജ് കോട്ടയത്ത് ചോദിച്ചു.
വനിതാ കമ്മിഷന്റെ തലപ്പത്ത് യോഗ്യതയുള്ളവരെയാണ് ചുമതലപ്പെടുത്തേണ്ടതെന്നും ജോർജ് പറഞ്ഞു. ഇരയാരാണെന്ന് അറിഞ്ഞാൽ നടിയാരാണെന്ന് ഞാൻ പറയാം. സിനിമ മേഖലയിലുള്ള ആരെയെങ്കിലും ഈ പറയുന്നവർ ആക്രമിച്ചിട്ടുണ്ടെങ്കിൽ അവർക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് തന്റെയും ആഗ്രഹം. എന്നാൽ നിരപരാധിയായ ഒരാളെ കുറ്റക്കാരനാക്കരുതെന്ന് പറഞ്ഞതിന് എന്നെ നാടുകടത്താനാണ് ഭാവമെങ്കിൽ അത് മനസിലിരിക്കത്തേയുള്ളൂ." പി.സി.ജോർജ് വിശദീകരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.