തിരുവനന്തപുരം: തന്നെ കട ഉദ്ഘാടനത്തിന് ക്ഷണിച്ചത് സ്വപ്ന സുരേഷും സുഹൃത്തുക്കളുമാണെന്നും, വ്യക്തമായ വിവരങ്ങൾ ലഭിക്കാതെ പരിപാടിയിൽ പങ്കെടുത്തത് വീഴ്ചയായെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സ്പീക്കർ ഇക്കാര്യം വ്യക്തമാക്കിയത്.

ക്ഷണം ലഭിക്കുന്ന പരിപാടികളെ സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിക്കാറില്ല. റിപ്പോര്‍ട്ട് ലഭ്യമാക്കുകയും പരിപാടികളുടെ സൂക്ഷ്മാംശങ്ങള്‍ മനസിലാക്കുകയും ചെയ്ത ശേഷം മാത്രമേ പോകാവൂ എന്ന പാഠം ഇപ്പോള്‍ മനസിലാക്കുന്നുവെന്നും അഭിമുഖത്തിൽ സ്പീക്കർ പറയുന്നു.

Read More: ഒരു ചാരക്കേസ് ചമയ്‌ക്കാൻ കേരളം അനുവദിക്കില്ല, പാർട്ടി മുഖ്യമന്ത്രിക്കൊപ്പം: കോടിയേരി

സ്വപ്ന സുരേഷ് തനിക്ക് അപരിചിതയല്ലെന്നും യുഎഇ കോൺസുലേറ്റിനെ പ്രതിനിധീകരിച്ച് കഴിഞ്ഞ നാലുവർഷമായി സ്വപ്നയായിരുന്നു സർക്കാരിന്റെ മുന്നിൽ എത്തിയിരുന്നത് എന്നും അവർ ഏതെങ്കിലും തരത്തില്‍ വഴിവിട്ട നീക്കം നടത്തുന്നയാളാവും എന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

അതേസമയം, ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി സ്പീക്കര്‍ക്ക് വ്യക്തിബന്ധമുണ്ടെന്ന രാധാകൃഷ്ണന്റെ ആരോപണത്തിനെതിരെയാണ് സ്പീക്കർ നടപടിക്കൊരുങ്ങുന്നത്.

2019 ജൂണ്‍ മാസത്തില്‍ കൊച്ചിയില്‍ വെച്ച് സ്വപ്‌ന സുരേഷ് സ്പീക്കറെ കണ്ടുവെന്നാണ് രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ ഇത് അവാസ്തവമായ അപവാദ പ്രചരണമാണെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും സ്പീക്കര്‍ പറഞ്ഞു.

ആ ദിവസങ്ങളില്‍ കൊച്ചിയില്‍ പോയിട്ടില്ലെന്ന രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് ശ്രീരാമകൃഷണന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. ആരോപണങ്ങള്‍ പിന്‍വലിച്ച് എ.എന്‍ രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ചെറിയ ചടങ്ങിനെ ഇപ്പോഴത്തെ കുപ്രസിദ്ധ സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് നീച പ്രവൃത്തിയാണെന്നും അദ്ദേഹം ആരോപിച്ചു.

നെടുമങ്ങാട് പുകരഹിത വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ‘കാര്‍ബണ്‍ ഡോക്ടര്‍’ എന്ന ഒരു ചെറിയ സ്റ്റാര്‍ട്ടപ്പ് സംരഭം ഉദ്ഘാടനം ചെയ്തിരുന്നു. ഏഴ് മാസം മുമ്പാണത്. അക്കാലത്ത് യാതൊരു വിവാദങ്ങളോ സംശയങ്ങളോ ഉണ്ടായിരുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.