തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി.രാജേഷിനെ തിരഞ്ഞെടുത്തു. 96 വോട്ടുകളോടെയാണ് വിജയം. നിയമസഭാ ചരിത്രത്തിലെ 23-ാം സ്പീക്കറാണ് രാജേഷ്. യുഡിഎഫ് സ്ഥാനാര്‍ഥി പി.സി.വിഷ്ണുനാഥിന് 40 വോട്ടുകള്‍ ലഭിച്ചു. തൃത്താല എംഎല്‍എ കൂടിയായ രാജേഷ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നീ സംഘടനകളുടെ ദേശീയ, സംസ്ഥാന ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.
അറിവും അനുഭവവും സമന്വയിപ്പിച്ച സവിശേഷ വ്യക്തിത്വമാണ് എം.ബി.രാജേഷെന്ന് അഭിനന്ദന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സ്പീക്കര്‍മാരുടെ നിരയിലെ പ്രഗത്ഭരുടെ നിരയെയാണ് നാം കണ്ടത്. ആ വ്യക്തിത്വത്തിന് ചേരുന്ന ഒരാളെ തന്നെ ഇത്തവണയും തിരഞ്ഞെടുക്കാനായി. ജനാധിപത്യപരമായ നിയമസഭാംഗങ്ങളുടെ കടമ ആത്മാര്ഥപൂര്ണമായി സഭയില്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സ്പീക്കര്‍ക്ക് കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
സഭയുടെ പൊതുവായ ശബ്ദമാണ് സ്പീക്കറില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കേണ്ടത്. ആ നിലയ്ക്ക് ശബ്ദമാകാന്‍ അദ്ദേഹത്തിന് കഴിയട്ടെ. ഭരണ-പ്രതിപക്ഷ അംഗങ്ങളില്‍ നിന്ന് അദ്ദേഹത്തിന് സഹകരണം ഉണ്ടാകണമെന്ന് സഭയിലെ ഓരോ അംഗത്തേയും ഒര്മ്മിപ്പിക്കുന്നതായും മുഖ്യമന്ത്രി ആശംസാ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
Also Read: കേരളം ഭരണത്തുടർച്ചയുടെ ചരിത്രവഴികൾ
എം.ബി.രാജേഷിന്റെ പത്ത് വര്‍ഷത്തെ ഇന്ത്യന്‍ പാര്‍ലമെന്റിലെ പരിചയവും അനുഭവസമ്പത്തും സഭ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പൂര്‍ണമായി വിശ്വക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണമായ സുരക്ഷിതത്വം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന അങ്ങയുടെ പ്രസ്താവന ഞങ്ങളെ വേദനിപ്പിച്ചു. അത്തരം പ്രസ്താവന സ്പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ട ഒരാളില്‍ നിന്നും ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടായാല്‍ സ്വാഭാവികമായും പ്രതികരിക്കുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.