/indian-express-malayalam/media/media_files/uploads/2017/08/pc-georges-tile.jpg)
തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമർശം നടത്തിയ പി.സി ജോർജ് എംഎൽഎക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന നൽകി നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിയമസഭയുടെ എത്തിക്സ് കമ്മിറ്റിക്ക് പി.സി ജോർജ് വിഷയം കൈമാറാനാണ് നീക്കമെന്നാണ് കരുതുന്നത്. ഫെയ്സ്ബുക്കിലാണ് ശ്രീരാമകൃഷ്ണൻ ഇക്കാര്യം സൂചിപ്പിച്ചത്.
"അർദ്ധരാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങവേ നിർമ്മാതാവ് ഏർപ്പെടുത്തിയ കാറിനുള്ളിൽ വച്ച് രണ്ടരമണിക്കൂറോളം മാനസികവും ശാരീരികവുമായ പീഡനത്തിനിരയായതായി ഒരു നടി പരാതിപ്പെടുകയും ഞെട്ടലോടെ കേരളം അത് കേൾക്കുകയും ചെയ്തതാണ്. "അങ്ങനെ ആക്രമിക്കപ്പെട്ടവൾ രണ്ടാംദിവസം ഷൂട്ടിങ്ങിനുപോകുമോ "എന്ന മട്ടിലുള്ള പരിഹാസ പ്രയോഗങ്ങൾ ഇതേക്കുറിച്ചു നടത്തുന്നത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്നാണ് എന്റെനിലപാട്", സ്പീക്കര്‍ വ്യക്തമാക്കി.
"ഇത്തരം സംഭവങ്ങളിൾ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ ന്യായീകരണ വാദവുമായി രംഗത്തുവന്നാൽ അത് ക്രിമിനലുകൾക്ക് പ്രോത്സാഹനമാകും. ആരുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ ഇത്തരം കമന്റുകൾ ഉണ്ടാകാൻപാടില്ല എന്ന അഭിപ്രായത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഒരു മനുഷ്യൻ എന്നനിലയിലുള്ള എന്റെഉറച്ച ബോധ്യമാണിത്. ഈ സംഭവത്തിൽ ഞാൻ വഹിക്കുന്ന സ്ഥാനവുമായി ബന്ധപ്പെട്ട് എന്തു ചെയ്യാൻ കഴിയുമെന്ന് ചിലസുഹൃത്തുക്കൾ ചോദിക്കുകയുണ്ടായി. തീർച്ചയായും സാധ്യമായതെല്ലാം ചെയ്യും", സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഉന്നതമായ ധാർമ്മിക മൂല്യങ്ങൾകൊണ്ട് സമൂഹത്തെ നയിക്കാൻ ബാധ്യതപ്പെട്ട ജനപ്രതിനിധികളിൽനിന്നുപോലും ഇത്തരം പരാമർശങ്ങളുണ്ടാകുന്നതിൽ ലജ്ജിച്ചുതലതാഴ്ത്തുന്നതായി കഴിഞ്ഞ ദിവസം സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. രാജസദസ്സിൽ സ്വന്തം സഹോദരപത്നിയായ ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസന ചേഷ്ടയുടെ തനിയാവര്‍ത്തനമാണെ നടക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം പിസി ജോര്‍ജിനെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.