കൊച്ചി: അംഗങ്ങളെ തപാൽ മുഖേന വിവരമറിയിക്കാതെ, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ തിരഞ്ഞെടുപ്പ് നടത്തിയതിനെതിരെ എഴുത്തുകാരുടെ പ്രതിഷേധം. തിരഞ്ഞെടുപ്പിന് അംഗീകാരം നല്‍കരുതെന്ന് എഴുത്തുകാര്‍, മുഖ്യമന്ത്രിയോടും വകുപ്പു മന്ത്രിയോടും സഹകരണ രജിസ്ട്രാറോടും പ്രസ്താവനയിൽ അഭ്യര്‍ത്ഥിച്ചു.

സംഘത്തിന്റെ മഹത്തായ പാരമ്പര്യത്തിനു വിരുദ്ധമായി ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് കുറച്ചുകാലമായി രഹസ്യമായിട്ടാണ് നടന്നുവരുന്നത്. രണ്ട് പത്രങ്ങളില്‍ പരസ്യം ചെയ്തിരിക്കണമെന്ന നിയമത്തിന്റെ മറവിലാണ് രഹസ്യ തിരഞ്ഞെടുപ്പ് നടത്തുന്നത്. പത്രത്തില്‍ പരസ്യം ചെയ്തു എന്ന ന്യായത്തില്‍ അംഗങ്ങളെ തിരഞ്ഞെടുപ്പ് വിവരം അറിയിക്കാതിരിക്കുന്നത് സംഘത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിന് യോജിച്ചതല്ലെന്ന് എഴുത്തുകാര്‍ ചൂണ്ടിക്കാട്ടി.

പത്രത്തില്‍ പരസ്യം കൊടുക്കാന്‍ അഞ്ചു ലക്ഷം രൂപ ചെലവ് ചെയ്‌തെന്ന് പറയുമ്പോഴും അംഗങ്ങള്‍ അറിഞ്ഞിട്ടില്ല. പോസ്റ്റല്‍ ആയി തിരഞ്ഞെടുപ്പ് വിവരം അറിയിച്ചിരുന്നെങ്കില്‍ പരാതികള്‍ ഒഴിവാക്കുവാന്‍ കഴിയുമായിരുന്നു. ഇതിനു പതിനായിരം രൂപയോളമേ ചെലവ് വരുമായിരുന്നുള്ളൂ. മുന്‍പ്, ബുള്ളറ്റിന്‍ വഴിയാണ് സംഘാംഗങ്ങള്‍ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ അറിയാറുള്ളത്. ഇപ്പോള്‍ ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കുന്നില്ല.

ഈ സാഹചര്യത്തില്‍ ജനുവരി 31 നു നടന്ന ഭരണസമിതി തിരഞ്ഞെടുപ്പും ഇന്നു നടന്ന ഭാരവാഹി തിരഞ്ഞെടുപ്പും സംഘത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ നിന്നും ഭരണഘടനയില്‍നിന്നും വ്യതിചലിച്ചുകൊണ്ട് ഗൂഢമായി നടത്തിയ അധാര്‍മ്മികമായ തിരഞ്ഞെടുപ്പായി കാണേണ്ടിവരുമെന്ന് പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍ ചൂണ്ടിക്കാട്ടി.

പ്രൊഫ. എം.ജി.എസ്. നാരായണന്‍, കെ.ജി. ശങ്കരപിള്ള, എം. തോമസ് മാത്യു, ഡോ. എം.എന്‍. കാരശേരി, എം.ആര്‍.ചന്ദ്രശേഖരന്‍, സി.വി. ബാലകൃഷ്ണന്‍, സി.ആര്‍.പരമേശ്വരന്‍, രതി മേനോന്‍, മാടമ്പ് കുഞ്ഞുക്കുട്ടന്‍, ടി.പി.രാജീവന്‍ തുടങ്ങി 32 പേരാണു പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.