തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിന്റെ കൊലപാതകത്തെ കുറിച്ചുളള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. കേസിലെ പ്രതിയായ ഡിവൈഎസ്‌പി ഹരികുമാറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ ആരായിരിക്കും എന്ന കാര്യം നാളെ തീരുമാനിക്കും.

ഡി വൈ എസ് പി ഹരികുമാർ പ്രതിയായ കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് തിരുവനന്തപുരം റൂറൽ എസ് പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

തിരുവനന്തപുരം റൂറൽ എസ് പി, ഡി ജി പി നൽകിയ റിപ്പോർട്ടിലാണ് ക്രൈംബ്രാഞ്ച് അന്വേഷണമാണ് ഉചിതം എന്ന് ശുപാർശ ചെയ്തിരുന്നു. ലോക്കൽ പൊലീസിന്റെ അന്വേഷണം ആരോപണങ്ങൾക്ക് വഴിയൊരുക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാർശ. പ്രതി ഉന്നത ഉദ്യോഗസ്ഥനായതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണമാണ് ഉചിതമെന്നും റൂറൽ എസ്‌പിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുളള തർക്കത്തിന് പിന്നാലെ യുവാവിനെ ഡിവൈഎസ്പി റോഡിലേക്ക് തളളിയിടുകയായിരുന്നു. എതിരെ വന്ന കാറിടിച്ച് യുവാവ് മരിച്ചു. തിങ്കളാഴ്ച രാത്രി 11നായിരുന്നു സംഭവം. ഡിവൈഎസ്പി ഹരികുമാർ ജുവലറി ഉടമയായ കൊടങ്ങാവിള സ്വദേശി ബിനുവിന്റെ വീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. സമീപത്തെ ഒരു വീടിന് മുന്നിൽ മറ്റ് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധം കാർ പാർക്കു ചെയ്‌ത ശേഷമാണ് ഡിവൈഎസ്പി പോയത്.

കുറച്ച് കഴിഞ്ഞ് തിരിച്ചെത്തിയ ഡിവൈഎസ്പി‌യും സമീപവാസിയായ സനലും തമ്മിൽ ഇതു സംബന്ധിച്ച് വാക്ക് തർക്കമുണ്ടായി. മഫ്‌തിയിലായതിനാൽ ഡിവൈഎസ്പിയെ തിരിച്ചറിയാൻ സനലിന് സാധിച്ചില്ല. തർക്കത്തിനിടെ ഡിവൈഎസ്പി ഹരികുമാർ സനലിനെ റോഡിലേക്ക് പിടിച്ച് തള്ളുകയായിരുന്നു. റോഡിലേക്ക് വീണ സനലിനെ മറ്റൊരു കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.