തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനം എസ്.പി ദീപക്ക് രാജിവച്ചു. കൈതമുക്കിൽ വിശപ്പ് കാരണം കുട്ടികൾ മണ്ണ് തിന്നുവെന്ന പ്രസ്താവന സർക്കാരിന് തിരിച്ചടിയാവുകയും സിപിഎം വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് ദീപക് രാജിവച്ചത്. മുഖ്യമന്ത്രിയെ നേരിട്ടുകണ്ടാണ് ദീപക്ക് രാജിക്കത്ത് കൈമാറിയത്. പാർട്ടി പറഞ്ഞത് അനുസരിച്ചാണ് താൻ രാജി വച്ചതെന്ന് എസ്.പി. ദീപക് മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടികൾക്കു മണ്ണു തിന്നേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു ബാലാവകാശ കമ്മിഷന്റെ കണ്ടെത്തൽ. ജീവിത സാഹചര്യം മോശമാണെങ്കിലും ഭക്ഷണത്തിനു കുറവുണ്ടായിട്ടില്ലെന്നായിരുന്നു കുട്ടികളുടെ അമ്മ കമ്മിഷനു നൽകിയ മൊഴി. എന്നാൽ സംസ്ഥാന ശിശുക്ഷേമ സമിതി മുൻ നിലപാടിൽ ഉറച്ചു നിന്നു. ഇതോടെ സംഭവം വൻ വിവാദമാകുകയും സർക്കാർ വെട്ടിലാകുകയും ചെയ്തു. ആരോഗ്യമേഖലയിൽ കേരളം വൻ മുന്നേറ്റം നടത്തിയെന്ന് അവകാശപ്പെടുമ്പോഴുള്ള സംഭവം ദേശീയതലത്തിൽ തന്നെ ചർച്ചയായി.

കുടുംബത്തിന്റെ അവസ്ഥ അറിയിച്ചത് കൈതമുക്കിലെ സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കമുള്ള പാര്‍ട്ടിക്കാരാണ്. അവര്‍ നല്‍കിയ പരാതിയിലും സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിലും മണ്ണ് തിന്നതായി പറഞ്ഞിരുന്നു. അതാണ് മാധ്യമങ്ങളെ അറിയിച്ചത്. വിശദമായ അന്വേഷണത്തില്‍ തെറ്റ് ബോധ്യമായപ്പോള്‍ തിരുത്തിയെന്നും ദീപക് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.