സനല്‍കുമാറിന്റെ മരണം; അന്വേഷിക്കാന്‍ എസ്‌പി ആന്റണിയുടെ നേതൃത്വത്തിലുള്ള 11 അംഗ സംഘം

കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കത്തിനിടയില്‍ ഡിവൈഎസ്പി പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ച സംഭവം 11 അംഗ ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ്പി ആന്റണിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഡിവൈഎസ്പി സുഗതന്‍, സിഐ എ.മോഹനന്‍ എന്നിവര്‍ക്കു പുറമേ 4 എസ്‌ഐ, 4 എഎസ്‌ഐ, 1 സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എന്നിവര്‍ സംഘത്തിലുണ്ട്.

സംഭവം നടന്ന സ്ഥലത്തെത്തി ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. പ്രധാന സാക്ഷികളെ കണ്ട് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു. ഇതിനിടെ, കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.

വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ഡിവൈഎസ്പി റോഡിലേക്ക് പിടിച്ച് തള്ളിയ യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അപകടത്തില്‍ പരുക്കേറ്റ് അരമണിക്കൂറോളം റോഡില്‍ കിടന്നതിന് ശേഷമാണ് സനലിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ തയ്യാറായത്. കൂടാതെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.

പരുക്ക് ഗുരുതരമായതിനാല്‍ എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളേജില്‍ എത്തിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് നേരെ പോയത് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേക്കാണ്. സനലിനൊപ്പം ഉണ്ടായിരുന്ന പൊലീസുകാരന്റെ ഡ്യൂട്ടി കഴിഞ്ഞതിനാല്‍ ഇയാളെ സ്റ്റേഷനില്‍ ഇറക്കി മറ്റൊരാളെ കയറ്റാനായിരുന്നു സ്റ്റേഷനിലേക്ക് പോയത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടെ പാപ്പനംകോട് ഭാഗത്ത് വച്ചാണ് സനല്‍ മരിക്കുന്നത്. വിലപ്പെട്ട സമയത്ത് പൊലീസ് ഇപ്രകാരം അനാസ്ഥ കാണിച്ചത് കുറ്റകരമാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ രണ്ടു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ സജീഷ് കുമാര്‍, ഷിബു എന്നീ പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sp antony to probe the murder of sanalkumar neyyattinkara

Next Story
വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഭാഗമായി ട്രാൻസ് പേഴ്സൺസ് ; പത്താം ക്ലാസ് തുല്ല്യത പരീക്ഷ എഴുതുന്നത് 25 പേർ
The moderation of comments is automated and not cleared manually by malayalam.indianexpress.com