Kerala Weather: Monsoon News: രാജ്യത്ത് തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ഭാഗമായി കേരളം അടക്കമുള്ള പ്രദേശങ്ങളിൽ സാധാരണ അളവിലോ സാധാരണ അളവിൽ കൂടുതലോ മഴ ലഭിക്കാമെന്ന് ഇന്ത്യൻ മെറ്റിയൊറോളജിക്കൽ ഡിപാർട്മെന്റ്. രാജ്യത്ത് കാലവർഷം ആരംഭിച്ചതായും ഐഎംഡി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയൊടെ കേരളത്തിൽ കാലവർഷം എത്തിച്ചേർന്നത്.  2103ന് ശേഷം ഇതാദ്യമാണ് ജൂൺ ഒന്നിന് സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിൽ തുടർച്ചയായി കനത്ത മഴയാണ് രേഖപ്പെടുത്തിയത്. അറബിക്കടലിന്റെ തെക്കു കിഴക്കൻ മേഖലകളിലുണ്ടായ ന്യൂനമർദ്ദം കാരണമാണ് കേരളത്തിന്റെ തീരപ്രദേശങ്ങളിൽ തുടർച്ചയായി മഴ ലഭിച്ചത്. തിങ്കളാഴ്ച രാവിലെ 8.30 വരെയുള്ള കണക്കുകൾ പ്രകാരം കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ ചില സ്ഥലങ്ങളിൽ 90 മില്ലിമീറ്ററോളം മഴ ലഭിച്ചു.

Read More: Kerala Weather: കാലവർഷം ശക്തിപ്പെട്ടു; കോഴിക്കോട് ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം, കൊല്ലം,പുനലൂർ, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽ തുടർച്ചയായി രണ്ടോ അതിലധികമോ ദിവസം 2.5 മില്ലീമീറ്ററോ അതിലധികമോ മഴ ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു. രാജ്യത്ത് ലഭിക്കുന്ന മഴയുടെ 70 ശതമാനവും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കു പടിഞ്ഞാറൻ മൺസൂണിലാണ് ലഭിക്കുക. ഈ വർഷം സാധാരണ മൺസൂൺ രാജ്യവ്യാപകമായി ലഭിക്കുമെന്നും ഐഎംഡി വ്യക്തമാക്കി.

ദീർഘ കാല ശരാശരി മഴലഭ്യത കണക്കാക്കിയാൽ ഈ വർഷം ലഭിക്കുന്ന മഴയുടെ അളവ് സാധാരണ നിലയേക്കാൾ രണ്ട് ശതമാനം കൂടുതൽ (102 ശതമാനം) ആയിരിക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രറട്ടറി ഡോക്ടർ എം രാജീവൻ പറഞ്ഞു. 1961-2010 കാലയളവിൽ പ്രതിവർഷം ജൂൺ മുതൽ സെപ്റ്റംബർ വരെ ലഭിച്ചത് ശരാശരി 88 സെന്റീമീറ്റർ മഴയാണ്. ഈ വഷം സാധാരണ ലഭിക്കേണ്ട മഴ മുഴുവനും ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നാല് ശതമാനം വരെ ഇതിൽ വ്യതിചലനങ്ങളുണ്ടായേക്കാമെന്ന് ഡോക്ടർ എം രാജീവൻ പറഞ്ഞു.

ദീർഘകാല മഴ ലഭ്യത പരിശോധിച്ചാൽ രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ 107 ശതമാനം എന്നനിരക്കിലാവും ഈ വർഷത്തെ മഴലഭ്യത. മദ്ധ്യ മേഖലയിൽ ഇത് 103 ശതമാനവും തെക്കൻ മേഖലയിൽ ഇത് 102 ശതമാനവുമായിരിക്കും. വടക്ക് കിഴക്കൻ മേഖലയിൽ 96 ശതമാനമായി ഇത് കുറയുമെന്നും ഡോക്ടർ എം രാജീവൻ വ്യക്തമാക്കി.

ആദ്യ ദിനം തന്നെ കേരളത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും മഴ ലഭിച്ചതായി ഐഎംഡി ഡയരക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു. “ഈ സീസണിൽ രാജ്യത്തിന്റെ വടക്ക് കിഴക്കൻ മേഖലകളിലൊഴികേ സാധാരണയോ, സാധാരണയിൽ കവിഞ്ഞ നിരക്കിലോ മഴ ലഭിക്കും. കുറച്ച് വർഷങ്ങളായി വടക്കുകിഴക്കൻ പ്രദേശങ്ങളിലെ മഴ കുറയുകയാണ്, ഇത് ഈ വർഷവും തുടരാനാണ് സാധ്യത”-മോഹപത്ര പറഞ്ഞു.

മൺസൂൺ സീസണിന്റെ അവസാന പകുതിയിൽ ദുർബലമായ ലാ നിന രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂ മധ്യരേഖാ പ്രദേശത്തും കിഴക്കൻ-മധ്യ പസഫിക് സമുദ്രത്തിലും അസാധാരണമായ രീതയിൽ താപനില കുറയുന്ന പ്രതിഭാസമാണ് ലാ നിന. ഇന്ത്യൻ മൺസൂണിന് ലാ നിന ഗുണകരമാണെന്നും കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു.

‘നിസര്‍ഗ’ ചുഴലിക്കാറ്റ് രാജ്യത്തെ തീരമേഖലകളെ വരും ദിവസങ്ങളിൽ ബാധിക്കും. മഹാരാഷ്ട്രയിലെ തീരദേശ ജില്ലകളെ ആയിരിക്കും ചുഴലിക്കാറ്റ് കൂടുതലായി ബാധിക്കുകയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. മഹാരാഷ്ട്രയിലെ മുംബൈ, താനെ, സിന്ധുദുര്‍ഗ്, രത്‌നഗിരി,റായ്ഗഢ്,പാല്‍ഗഢ് എന്നിവയെ ആകും ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിക്കുക. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ബുധനാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാാറുമെന്നാണ് മുന്നറിയിപ്പ്.

Read More: Monsoon arrives in Kerala, good rainfall distribution this year: IMD

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.