കൊച്ചി: കിതച്ചും കുതിച്ചും പുക തുപ്പിക്കൊണ്ട് പായുന്ന തീവണ്ടികള്‍ സിനിമയില്‍ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ. എന്നാല്‍ അത് കാണാനും ആവി എഞ്ചിനില്‍ ഓടുന്ന തീവണ്ടിയില്‍ യാത്ര ചെയ്യാനുമുള്ള അവസരം ഒരുക്കുകയാണ് ദക്ഷിണ റെയില്‍വെ.

ആവി എഞ്ചിനില്‍ ഓടുന്ന 165 വര്‍ഷം പഴക്കമുള്ള പൈതൃക തീവണ്ടി ഇന്ന് എറണാകുളം സൗത്തില്‍ നിന്നും യാത്ര ആരംഭിച്ചു. ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് ഇന്നും നാളെയുമാണ് യാത്രകള്‍. 11 മണിക്കാണ് ആദ്യ സര്‍വ്വീസ് ആരംഭിച്ചത്.

Heritage train

ഒരേസമയം 40 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതിെ ഒരു എ.സി കംപാര്‍ട്ട്‌മെന്റും ഉണ്ട്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഇ.ഐ.ആര്‍. 21 എന്ന തീവണ്ടിയാണ്  സര്‍വ്വീസ് നടത്തുന്നത്.

ആദ്യ ദിവസം ട്രെയിൻ ഹാര്‍ബര്‍ ടെര്‍മിനസിലെത്തുമ്പോൾ അവിടെ യാത്രക്കാർക്ക് ചായയും സ്നാക്സും നൽകിയാണ് എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിലെ അധികൃതർ സ്വീകരിച്ചത്. സൌത്ത് സ്റ്റേഷനിൽ നിന്നും ഡീസൽ എഞ്ചിൻ എത്തിച്ചായിരുന്നു ട്രെയിൻ തിരിച്ചു കൊണ്ടു വന്നത്. ആവശ്യം കണക്കിലെടുത്തായിരിക്കും കൂടുതൽ സർവ്വീസുകൾ.

വിവിധ നിരക്കുകളിലാണ് ടിക്കറ്റുകള്‍ ലഭ്യമാകുക. വിദേശികള്‍ക്ക് 1000 രൂപ, സ്വദേശികള്‍ക്ക് 500 രൂപ, 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് 300 രൂപ, അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്ര. എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ നിന്നും സൗത്ത് സ്‌റ്റേഷനില്‍ നിന്നും ടിക്കറ്റ് ലഭിക്കും.

ഫെബ്രുവരി ഏഴ്, പത്ത് തിയ്യതികളില്‍ നാഗര്‍കോവിലില്‍ നിന്നും കന്യാകുമാരിയിലേക്ക് പൈതൃക തീവണ്ടിയുടെ സര്‍വ്വീസ് ഉണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.