തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി. കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതിന്റെ കണക്കുകള്‍ വ്യക്തമാകുന്നത്. ജൂണ്‍ 1 മുതല്‍ 21 വരെയുള്ള കാലയളവില്‍ 31 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ കാലയളവില്‍ ശരാശരി 426.5 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് കേരളത്തില്‍ ആകെ ലഭിച്ചത് 295.7 മില്ലിമീറ്റര്‍ മാത്രമാണ്.

വയനാട്ടിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 399 മില്ലിമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 154.7 മില്ലിമീറ്റര്‍ മഴ മാത്രമാണ് വയനാട്ടില്‍ ഈ കാലയളവില്‍ ലഭിച്ചത്.  61 ശതമാനത്തിന്റെ കുറവാണ് വയനാട്ടിലുണ്ടായത്. ഇടുക്കിയിലും 50 ശതമാനത്തിലധികം മഴക്കുറവ് ഉണ്ടായി. 409.3 മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത് ലഭിച്ചത് 187 മില്ലിമീറ്റര്‍ മാത്രം. മലപ്പുറം പാലക്കാട് ജില്ലകളിലും മഴയുടെ അളവില്‍ ഗണ്യമായ കുറവുണ്ടായി. മലപ്പുറത്ത് 43 ശതമാനവും പാലക്കാട്ട് 39 ശതമാനവും മഴ കുറഞ്ഞു. തിരുവനന്തപുരം പത്തനംത്തിട്ട ജില്ലകളിലും 30 ശതമാനത്തിന് മുകളില്‍ മഴക്കുറവുണ്ടായി.

 

അതേസമയം എറണാകുളം കോഴിക്കോട് ജില്ലകളില്‍ ശരാശരിക്കടുത്ത് ലഭിച്ചു. രണ്ട് ജില്ലകളിലും ശരാശയിയെക്കാള്‍ 15 ശതമാനം മാത്രമാണ് മഴ കുറഞ്ഞത്.

കണ്ണൂര്‍, കൊല്ലം, കോട്ടയം ജില്ലകളിലും ഭേദപ്പെട്ട മഴലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

 

രാജാസ്ഥാനിലെ ഗംഗാനഗര്‍ തെക്ക് മുതല്‍ കന്യാകുമാരി വരെയുള്ള ഭാഗത്തെ മര്‍ദ്ദ വ്യതിയാനമാണ് കേരളവും കൊങ്കണും അടക്കമുള്ള തീരമേഖലയില്‍ മഴ ലഭിക്കാന്‍ കാരണം. ഇത്തവണ ഈ വ്യതിയാനത്തിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ കാരണമാണ് മികച്ച തുടക്കത്തിന് ശേഷം കാലവര്‍ഷം ദുര്‍ബലപ്പെട്ടതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന്‍ ഐഇ മലയാളത്തോട് പറഞ്ഞു. ഇതു മൂലം തെക്ക് പടിഞ്ഞാറന്‍ തീരത്ത് എത്തേണ്ട മഴമേഖങ്ങള്‍ വടക്ക് പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങി. ഇതിന്റെ പരിണിത ഫലമായി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടേണ്ട ന്യൂനമര്‍ദ്ദവും ദുര്‍ബലമായി.

 

എന്നാല്‍ ഇത്തരത്തില്‍ കാലവര്‍ഷം തുടക്കത്തില്‍ ദുര്‍ബലമാകുന്നതില്‍ ആശങ്കപെടേണ്ടതില്ലെന്നും സുദേവന്‍ പറയുന്നു. ജൂലൈക്ക് ശേഷം മെച്ചപ്പെട്ട മഴ ലഭിച്ചാല്‍ ഇപ്പോഴത്തെ കുറവ് പരിഹരിക്കാവുന്നതെയുള്ളു. നിലവിലത്തെ സ്ഥിതിയില്‍ ജൂണ്‍ അവസാനത്തോടെ കേരളത്തില്‍ മെച്ചപ്പെട്ട മഴ ലഭിക്കും. ഇതിന് അനുകൂലമായ സാഹചര്യങ്ങള്‍ അറബിക്കടലില്‍ രൂപപ്പെടുന്നുണ്ട്.

 

ജൂണ്‍ 14 ന് ശേഷം കാലവര്‍ഷം ദുര്‍ബലമായതാണ് കരളത്തില്‍ മഴകുറയാന്‍ കാരണം. ജൂണ്‍ ഒന്ന് മുതൽ 14 വരെയുള്ള കാലയളവില്‍ കേരളത്തില്‍ ലഭിക്കേണ്ട മഴയില്‍ അഞ്ച്  ശതമാനത്തിന്റെ കുറവു മാത്രമാണുണ്ടായത്. ആറ്  ജില്ലകളില്‍ ശരാശരിക്ക് മുകളില്‍ മഴ ലഭിക്കുകയും ചെയ്തു.

 

ലക്ഷദ്വീപില്‍ ഇത്തവണ കനത്ത മഴയാണ് ഉണ്ടായത്. ജൂണ്‍  ഒന്ന് മുതല്‍ 14 വരെയുള്ള കാലയളവില്‍ 168.2 മില്ലിമീറ്റര്‍ മഴലഭിക്കേണ്ടിടത്ത് 378.1 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 125 ശതമാനം കൂടുതല്‍. അതേസമയം ജൂണ്‍ 21ല്‍ എത്തിയപ്പോള്‍ ഇത് 403.3 മില്ലി മീറ്ററായി. ശരാശരിയെക്കാള്‍ 67 ശതമാനം അധികം.

 

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു.

 

കേരളത്തിലെ മഴക്കുറവ് സംസ്ഥാനത്തെ ജലവൈദ്യുത  പദ്ധതികളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ജൂണ്‍ ആദ്യ പാദത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ച രണ്ടാമത്തെ സംസ്ഥാനമാണ് ഇടുക്കി. ജൂണ്‍ 21 വരെയുള്ള കണക്കനുസരിച്ച് 409.3 മില്ലിമീറ്റര്‍ മഴലഭിക്കേണ്ട സ്ഥാനത്ത് 187 മില്ലിമീറ്റര്‍ മഴമാത്രാണ് ഇടുക്കിയില്‍ ലഭിച്ചത്.അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞത് ജലനിരപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.138 മില്ല്യണ്‍ യൂണിറ്റ് വെള്ളം മാത്രമാണ് ഈ മാസം ഇതുവരെ ഇടുക്കി അണക്കെട്ടിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 248 മില്ല്യണ്‍ യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം 900 മില്ല്യണ്‍ യൂണിറ്റിന് മുകളില്‍ വെള്ളം അണക്കെട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ കനത്ത വേനലിന് പിന്നാലെ കാലവര്‍ഷം ദുര്‍ബലമായത് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു. നിലവിലെ കണക്കനുസരിച്ച് 485 മില്ല്യണ് യൂണിറ്റ് വെള്ളം മാത്രമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. വരും ദിവസങ്ങളില്‍ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും.

 

അതേസമയം ജലനിരപ്പ് കുറഞ്ഞാലും വൈദ്യുത ലഭ്യതയെക്കുറിച്ച് ആശങ്കപെടേണ്ടതില്ലെന്ന് കെഎസ്ഇബി പിആര്‍ഒ മുഹമ്മദ് ഷിയാബ് പറഞ്ഞു. ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം നിര്‍ത്തിയാല്‍ പുറത്തു നിന്ന വൈദ്യുതി എത്തിക്കും. ഇതിന് ചെലവ് കൂടും എന്ന് മാത്രം. ജൂണ്‍ പകുതിക്ക് ശേഷം മഴ കുറഞ്ഞിട്ടും വൈദ്യുത ഉപഭോഗം കാര്യമായി ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.