തൊടുപുഴ: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കോണ്‍സുല്‍ ജനറല്‍. സൗമ്യ സന്തോഷ് ഇസ്രായേലിന് മാലാഖയാണെന്ന് കോണ്‍സുല്‍ ജനറല്‍ ജൊനാദന്‍ സട്ക്ക പറഞ്ഞു. സൗമയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേല്‍ ജനങ്ങള്‍ സൗമ്യയെ ഒരു മാലാഖയായാണ് കണ്ടിരുന്നത്. കുടുംബത്തിന് ഇസ്രായേല്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
കീരിത്തോട് നിത്യസഹായമാതാ ദേവാലയത്തിൽ ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിലാണ് സൗമ്യയുടെ സംസ്കാര ചടങ്ങുകൾ ചടന്നത്. ഇന്നലെ എയർഇന്ത്യ വിമാനത്തിൽ എത്തിച്ച ഭൗതിക ശരീരം സൗമ്യയുടെ ബന്ധുക്കൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഏറ്റുവാങ്ങി, ഇടുക്കിയിലേക്ക് കൊണ്ടുപോയി. ഭൗതിക ശരീരം ഏറ്റുവാങ്ങാൻ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും ഇസ്രയേല്‍ എംബസി അധികൃതരും എത്തിയിരുന്നു.
ബുധനാഴ്ചയാണ് ഗാസയിൽ നിന്നുള്ള ഹമാസ് റോക്കറ്റ് ആക്രമണത്തിൽ സ്വപ്ന കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന ഇസ്രായേൽ അഷ്കെലോൺ നഗരത്തിലെ വീടിനു മുകളിൽ റോക്കറ്റ് പതിക്കുകയായിരുന്നു. സൗമ്യ ഉള്‍പ്പടെ വീട്ടിലുണ്ടായിരുന്നു രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടതായും ഏതാനും പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. ഗാസ മുനമ്പ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്നതാണ് അഷ്കെലോൺ.
ഭർത്താവുമായി വീഡിയോ കോളില്‍ സംസാരിക്കവെയാണ് സൗമ്യ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശി സന്തോഷാണ് സൗമ്യയുടെ ഭർത്താവ്.