കണ്ണൂർ: പിണറായിയിൽ നടന്ന ദുരൂഹ മരണങ്ങൾ കൊലപാതകമാണെന്ന് ഉറപ്പായി. പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ സൗമ്യ കുറ്റം സമ്മതിച്ചതോടെയാണിത്. താൻ മൂന്ന് പേരെ കൊലപ്പെടുത്തിയെന്നാണ് സൗമ്യയുടെ വെളിപ്പെടുത്തൽ. ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും ഒരു മകൾക്കും എലിവിഷം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൗമ്യ പറഞ്ഞു.

സൗമ്യയുടെ മക്കളായ ഒന്നരവയസുകാരി കീർത്തന, ഒൻപതു വയസുകാരി ഐശ്വര്യ, മാതാപിതാക്കളായ കുഞ്ഞിക്കണ്ണൻ, കമല എന്നിവരാണ് മരിച്ചത്. 2012 ൽ ഒന്നര വയസുകാരി കീർത്തന മരിച്ച സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് സൗമ്യ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

അലൂമിനിയം ഫോസ്ഫൈഡ് എന്ന മാരക രാസവസ്തു അകത്ത് ചെന്നാണ് നാല് പേരും മരിച്ചതെന്ന് ആന്തരികാവയവങ്ങളുടെ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. എലിവിഷത്തിലും കീടനാശിനികളിലും ഉപയോഗിക്കുന്ന രാസവസ്തുവാണ് ഇത്. 2012ല്‍ സൗമ്യയുടെ മകള്‍ കീര്‍ത്തന ഛര്‍ദിയെ തുടര്‍ന്നു മരിച്ചു. ഐശ്വര്യ 2018 ജനുവരി 21 നാണ് മരിച്ചത്. ഒന്നര മാസം കഴിയുമ്പോള്‍ വടവതി കമലയും (68) മരിച്ചിരുന്നു.

അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ (76) ഏപ്രില്‍ 13നും സമാനമായ രോഗലക്ഷണവുമായി മരിച്ചത് ബന്ധുക്കളിലും നാട്ടുകാരിലും സംശയമുണര്‍ത്തിയതോടെയാണ് സംഭവം പുറത്തായത്. തുടർന്നാണ് ബന്ധുക്കൾ ഐശ്വര്യയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പൊലീസിനു പരാതി നൽകിയത്.

കുട്ടികളുടെ അമ്മ സൗമ്യ ഛർദിയെത്തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ആശുപത്രിയിൽ എത്തിയാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സൗമ്യയുമായി ബന്ധമുള്ള യുവാക്കളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ