കൊച്ചി: താരതമ്യങ്ങളോടും വിമര്‍ശനങ്ങളോടും പ്രതികരിക്കാനില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. എറണാകുളത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് നടക്കുന്നത്. നഗരസഭയുടെ ഭാഗത്തുനിന്ന് എല്ലാവിധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. മറ്റ് വാര്‍ത്തകളോടും സമൂഹ മാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചാരണങ്ങളോടും പ്രതികരിക്കാന്‍ താന്‍ ഇപ്പോള്‍ തയ്യാറല്ലെന്നും സൗമിനി ജെയിന്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നഗരസഭയുടെ ഭാഗത്തുനിന്ന് ചെയ്യാനുള്ള കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്നുണ്ട്. കാലവര്‍ഷം ശക്തമാകുമെന്ന മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ തന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ക്യാംപുകള്‍ ആരംഭിക്കുന്നതിനെ കുറിച്ചും ക്യാംപുകളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ആ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു എന്നും സൗമിനി ജെയിന്‍ പറഞ്ഞു.
Read Also: പത്മനാഭനയെങ്കിലും അവിടെ ബാക്കി വെക്കണേ…! മേയര്‍ ബ്രോക്കും തിരുവനന്തപുരത്തിനും അഭിനന്ദന ട്രോള്‍മഴ
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കലക്ടറുടെ നേതൃത്വത്തില്‍ നടക്കണമെന്ന നിര്‍ദേശമാണ് ആദ്യം തന്നെ ലഭിച്ചിട്ടുണ്ടായിരുന്നത്. കലക്ടറേറ്റില്‍ വിഭവ സമാഹരണം നടത്താനും തീരുമാനിക്കുകയായിരുന്നു. അതനുസരിച്ചാണ് നഗരസഭയില്‍ വിഭവ സമാഹരണം നടത്താതിരുന്നത്. നഗരസഭയിലേക്ക് വരുന്നതെല്ലാം കൃത്യമായി കലക്ടറേറ്റില്‍ എത്തിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് പ്രത്യേകം പ്രത്യേകം കളക്ഷന്‍ സെന്ററുകൾ ഇല്ലാതിരുന്നതെന്നും സൗമിനി ജെയിന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ നഗരസഭ 50 ലക്ഷം രൂപ ദുരിതാശ്വാസത്തിനായി നല്‍കിയിരുന്നു. അത് ഇത്തവണയും നഗരസഭയില്‍ നിന്ന് ചെയ്യും. 50 ലക്ഷം രൂപ ദുരിതാശ്വാസത്തിനായി നല്‍കാന്‍ നഗരസഭ ഇതിനോടകം തീരുമാനമെടുത്തിട്ടുണ്ട്. ക്യാംപുകളിലുള്ളവര്‍ക്കെല്ലാം അവശ്യമായ എല്ലാ സാധനങ്ങളും കൃത്യമായി എത്തിക്കുന്നുണ്ട്. പരാതികളൊന്നും ഇല്ലാതെ ക്യാംപുകളിലുള്ളവര്‍ കഴിയാനാണ് ശ്രദ്ധ നല്‍കുന്നതെന്നും മറ്റ് വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും സൗമിനി ജെയിന്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം മേയർ വി.കെ.പ്രശാന്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണെന്നും എന്നാൽ, കൊച്ചി മേയർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കാര്യമായി ഇടപെടുന്നില്ലെന്നും സമൂഹ മാധ്യമങ്ങളിലടക്കം നേരത്തെ വിമർശനം ഉയർന്നിരുന്നു. എന്നാൽ, താരതമ്യങ്ങളോടും വിമർശനങ്ങളോടും പ്രതികരിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് വ്യക്തമാക്കുകയാണ് സൗമിനി ജെയിന്‍.