കൊച്ചി: തനിക്കതിരെ വിമർശനമുന്നയിച്ച ഹൈബി ഈഡന്‍ എംപിക്കെതിരെ കൊച്ചി മേയര്‍ സൗമിനി ജെയിന്‍. എറണാകുളം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം കുറഞ്ഞതുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്‍ നഗരസഭാ ഭരണത്തിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയുമായി സൗമിനി ജെയിന്‍ രംഗത്തെത്തിയത്.
ഹൈബിയുടെ ഭാവമാറ്റം എന്ത് ഉദ്ദേശത്തിലാണെന്ന് മനസിലാകുന്നില്ലെന്ന് സൗമിനി ജെയിന്‍ പറഞ്ഞു. കൊച്ചി നഗരത്തിലുണ്ടായ വികസനങ്ങളില്‍ എല്ലാവരും ഭാഗമാണ്. എന്നാല്‍, ചിലര്‍ നേട്ടത്തിന്റെ ഭാഗം മാത്രമാകാന്‍ ശ്രമിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറഞ്ഞതില്‍ എല്ലാവര്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും സൗമിനി ജെയിന്‍ പറഞ്ഞു. മേയര്‍ സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്നും പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും സൗമിനി വ്യക്തമാക്കി.
Read Also: ബിജെപി അധ്യക്ഷ സ്ഥാനം: പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് കുമ്മനം
എറണാകുളത്ത് കോണ്‍ഗ്രസിനു ഭൂരിപക്ഷം കുറയാന്‍ കാരണം കോര്‍പ്പറേഷന്‍ ഭരണം പരാജയപ്പെട്ടതാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. എറണാകുളം എംപി ഹൈബി ഈഡന്‍ അടക്കമുള്ള നേതാക്കള്‍ കൊച്ചി കോര്‍പ്പറേഷന്‍ ഭരണത്തിനെതിരെ തുറന്നടിച്ചു. മേയറെ മാറ്റണമെന്ന നിലപാടിലേക്ക് വരെ ഹൈബി ഈഡന്‍ എംപി എത്തി.
കോര്‍പറേഷന്‍ ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് ഉരുക്കുകോട്ടയായ എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായത്. പ്രകൃതി ദുരന്തങ്ങളെ പോലും തനിക്കെതിരെയുള്ള വിമര്‍ശനമാക്കി മാറ്റുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നാണ് സൗമിനി ജെയിന്‍ പറയുന്നത്.