കൊച്ചി: സ്ത്രീകള്‍ക്ക് നേരെ കിരാതമായ പെരുമാറ്റം കാണിക്കുന്ന ഒരു സമൂഹത്തെ സംസ്കാരസമ്പന്നരായി പരിഗണിക്കാന്‍ തനിക്കാവില്ല. ഒരു സ്ത്രീക്ക് നേരെ ക്രൂരമായി നമ്മള്‍ പെരുമാറുമ്പോള്‍ നമ്മുടെ സംസ്കാരത്തിന്റെ ആത്മാവിനെയാണ് നമ്മള്‍ മുറിവേല്‍പ്പിക്കുന്നതെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ആറാമത്  കെ. എസ് രാജാമണി അനുസ്‌മരണ പ്രഭാഷണം നിർവഹിക്കുകയായിരുന്നു രാഷ്ട്രപതി.

ഭരണഘടന മാത്രമല്ല സ്ത്രീയ്ക്ക് സുരക്ഷയും സമത്വവും ഉറപ്പുവരുത്തുന്നത്. നമ്മുടെ സംസ്കാരവും പാരമ്പര്യവും സ്ത്രീകളെ ദൈവീകമായിട്ടാണ് പരിഗണിക്കുന്നതെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ഒരു സമൂഹത്തിന്റെ ‘ആസിഡ് ടെസ്റ്റ്’ എന്ന് പറയുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അവരുട മനോഭാവത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അസഹിഷ്ണുതയ്ക്ക് ഇന്ത്യയിൽ ഇടമില്ല,   പണ്ട് മുതൽ തന്നെ  സ്വതന്ത്രചിന്തയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും കേന്ദ്രമായിരുന്നു ഇന്ത്യ. ബഹുസ്വരചിന്തകളുടെ സംവാദങ്ങളുടെയും ഇടമാണ് എപ്പോ​ഴും ഈ​ രാജ്യം. ഭരണഘടടനപരമായി നൽകുന്ന മൗലിക അവകാശമാ അഭിപ്രായ സ്വാതന്ത്ര്യമെന്നത്. വിമർശനത്തിനും വിയോജിപ്പിനും തീർച്ചയായും ഇടമുണ്ടാകണം.

ഉന്നത വിദ്യാഭാസത്തിന്റെ കാര്യത്തിൽ ലോകനേതൃ പാരന്പര്യമാണ് ഇന്ത്യയ്ക്കുളളത്. നളന്ദയും തക്ഷശിലയും നമ്മുടെ അഭിമാനസ്തംഭങ്ങളാണ്. സ്വതന്ത്ര ചിന്തയുടെ വിളനിലമായിരുന്നു ആ സർവകലാശാലകൾ.  സർവകലാശാലകൾ സ്വതന്ത്ര ചിന്തയും സർഗാത്മകതയുമാണ് വളർത്തേണ്ടത്. അസ്വസ്ഥയുടെ സംസ്കാരമല്ല അവിടെ പ്രചരിപ്പിക്കേണ്ടത്. അക്രമത്തിന്റെയും അസ്വസ്ഥയുടെയും നീർചുഴിയിലേയ്ക്ക് അവ വീഴുന്നത് ദുഃഖകരമാണ്.

നിയമനിർമ്മാണമാണ് പാർലമെന്റിന്റെ പ്രധാന ഉത്തരവാദിത്വം. എന്നാൽ 1952-57 മുതൽ ഇങ്ങോട്ടുള്ള കാര്യങ്ങൾ നോക്കുമ്പോൾ അവ കുറഞ്ഞുവരുന്നതാണ് കാണുന്നത്. 1952-57ൽ 677 സിറ്റിങുകളിലായി 319 ബില്ലുകൾ പാസ്സാക്കിയെങ്കിൽ 2004-09ൽ 322 സിറ്റിങിൽ 247 ബില്ലുകളാണ് പാസ്സാക്കിയത്. പതിനഞ്ചാം ലോകസഭ 357 സിറ്റിങുകളിലായി 181 ബില്ലുകളും പതിനാറാം ലോകസഭ പത്താം സെഷൻ വരെ 197 സിറ്റിങുകളിലായി 111 ബില്ലുകളുമാണ് പാസ്സാക്കിയത്.

രാജ്യത്തിന്റെ അതിഗംഭീരമായ നാനാത്വത്തിലും, വര്‍ദ്ധിച്ച്  വരുന്ന വെല്ലുവിളികള്‍ക്കുമിടയില്‍ ജനാധിപത്യത്തെ ബലപ്പെടുത്തുകയും ഒരുമ ഉറപ്പാക്കുകയും ചെയ്യേണ്ടത് സുപ്രധാനമായ കാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സ്വതന്ത്രമായ നീതിന്യായ വകുപ്പും, ഊര്‍ജ്ജ്വലമായ മധ്യപ്രവര്‍ത്തനവും, സാമൂഹികസ്ഥിതിയും ദൃഢമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍, സിഎജി തുടങിയ, രാജ്യത്തിന്റെ രാഷ്ടീയ വ്യവസ്ഥിതിയുടെ തൂണുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും രാജ്യത്തുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ലോകത്തെ എല്ലാ മതവിഭാഗവും നമ്മുടെ രാജ്യത്തുണ്ട്. 100ലധികം വ്യത്യസ്തമായ ഭാഷകള്‍ രാജ്യത്തുണ്ട്. 1600ഓളം ഭാഷാഭേദങ്ങളും, വ്യത്യസ്ഥമായ സംസ്കാരവും ഒരൊറ്റ ഭരണഘടനയ്ക്കും ഒരേയൊരു പതാകയ്ക്കും കീഴില്‍ ഒന്നാകുന്ന വിശേഷ സ്വഭാവമാണ് രാജ്യത്തിനെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

ജാതിയോ മതമോ സാമ്പത്തിക സ്ഥിതിയോകണക്കിലെടുക്കാതെ, ഓരോ വ്യക്തിയുടേയും ശാക്തീകരണമാണ് ഏതൊരു ജനാധിപത്യ രാഷ്ട്രത്തിന്റേയും ലക്ഷ്യം. ചിലര്‍ക്ക് ഇത് വെറുമൊരു ഉട്ടോപ്പ്യന്‍ സ്വപ്നമായി മാത്രമേ തോന്നുകയുള്ളു. എന്നാല്‍ ഇത് സാധ്യമായ കാര്യമാണെന്നും പാര്‍ശ്വവത്കരിക്കപ്പെടാതെയുള്ള ശാക്തീരണത്തിലൂടെ നമുക്ക് ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും അധ:സ്ഥിതർക്കും നീതി സമ്പാദിച്ചു നൽകി അഭിഭാഷകനെന്ന നിലയിൽ കെ.എസ്.രാജാമണിയുടെ പങ്ക് നിസ്തുലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പാവപ്പെട്ടവർക്കു അദ്ദേഹം സൗജന്യമായി നിയമസഹായം നൽകി. ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർക്കൊപ്പം ലോക് അദാലത്തിൻ വഴിതെളിച്ച് നീതി നിഷ്ഠമായി അർപ്പണബോധത്തോടെ പ്രവർത്തിച്ചു’ മറ്റുള്ളവർക്കായി തന്റെ കഴിവും അറിവും വിനിയോഗിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു..നിയമ പ്രസിദ്ധീകരണങ്ങളുടെ രൂപീകരണത്തിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ 40,50,60 ദശകങ്ങളിൽ രാഷ്ട്രീയ, സാമുഹിക, സാംസ്കാരിക മേഖലകളിൽ അദ്ദേഹം ശ്രദ്ധേയനായിരുന്നു.എല്ലാ രംഗത്തും പുരോഗമന കരമായ നിലപാടു സ്വീകരിച്ചു. കെ. പി. എ സി യുടെ രൂപീകരണത്തിൽ നിർണായക പങ്ക് വഹിച്ചു.അതിലൂടെ രാഷ്ട്രീയ പ്രബുദ്ധതയുടെ പ്രകാശം പരത്താൻ കഴിഞ്ഞത് പിന്നീട് വലിയ നേട്ടമായിത്തീർന്നു..കെ.പിഎസി സുലോചനയെ രംഗത്തു കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. സമൂഹത്തിന്റെ ഉന്നമനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം ഇടതുപക്ഷത്തോടൊപ്പം അദ്ദേഹം ചേർന്നു നിന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

സ്മരണകളിരമ്പിയ സംഗമം

സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന പ്രമുഖരുടെ സാന്നിധ്യത്താൽ ധന്യമായ, പ്രൗഢഗംഭീരമായ വേദിയും ചടങ്ങും. കൊച്ചിയിലെ ലെ മെറിഡിയനിൽ ഇന്നലെ രാഷട്രപതി പ്രണാബ് മുഖർജി മുഖ്യ അതിഥിയായി പങ്കെടുത്ത ആറാമത് കെ.എസ് രാജാമണി അനുസ്മരണ പ്രഭാഷണ വേദിയാണ് വേറിട്ട അനുഭവം പകർന്നത് – ഇന്ത്യ 70 കളിൽ എന്നതായിരുന്നു വിഷയം.രാഷ്ടീയ – സാംസ്കാരിക-സാമൂഹിക-മാധ്യമ രംഗങ്ങളിലെ പ്രമുഖർ മുതൽ സാധാരണക്കാർ വരെ ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. പഴയ കാല സതീർഥ്യർക്കു ഓർമകൾ പങ്കവയ്ക്കാനുള്ള വേദി കൂടിയായിത്തീർന്നതോടെ ചടങ്ങിൽ സ്മരണകളിരമ്പി. പിതാവ് കെ.എസ്.രാജാമണിക്കൊപ്പം പ്രവർത്തിച്ച മുതിർന്ന അഭിഭാഷകരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

ഗവർണർ പി.സദാശിവം, ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജസ്റ്റിസ് ഹരിഹരന്‍ നായര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, പ്രൊഫ റിച്ചാര്‍ഡ് ഹേ എംപി, കെ.വി. തോമസ് എംപി, മേയര്‍ സൗമിനി ജയിന്‍, സുരേഷ് കുറുപ്പ് എംഎല്‍എ, മുൻ മന്ത്രി ബിനോയ് വിശ്വം, ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, റിട്ട. ജസ്റ്റിസ് സിറിയക് ജോസഫ്, മുൻ മന്ത്രി കെ.സി.ജോസഫ്, സി പി എം ജില്ലാ സെക്രട്ടറി പി.രാജീവ്, ഡോ.എം ലീലാവതി, ഡൊമിനിക് പ്രസന്റേഷൻ, എം.കെ.സാനു, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, അസോ.എഡിറ്റർ ഫിലിപ്പ് മാത്യൂ, ദീപിക ചീഫ് എഡിറ്റർ ബോബി അലക്സ് മണ്ണംപ്ലാക്കൽ, ജസ്റ്റിസ് പി.കെ.ഷംസുദീൻ, ജസ്റ്റിസ് കെ.ടി ശങ്കരൻ, എംഎ ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിന്‍റെ തനത് സസ്യങ്ങളാണ് രാജാമണി കുടുംബം ഉപഹാരമായി വിശിഷ്ടാതിഥികള്‍ക്ക് നല്‍കിയത്. രാഷ്ട്രപതിക്ക് നല്‍കിയ ചെടി രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡനില്‍ ഇടം പിടിക്കും.

രാഷ്ട്രപതി  ഹ്രസ്വ സന്ദര്‍ശനത്തിനായിട്ടാണ് അദ്ദേഹം കൊച്ചിയിലെത്തിയിരിക്കുന്നത്. കൊച്ചി മുസിരിസ് ബിനാലെ സെമിനാര്‍ ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം ബിനാലെ കലാരൂപങ്ങള്‍ വീക്ഷിച്ചു.  വൈകിട്ട് മൂന്നരയ്ക്ക് നാവിക വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രിയും ചേര്‍ന്നാണ് സ്വീകരിച്ചത്. രാത്രിയോടെ അദ്ദേഹം ഡെല്‍ഹിയിലേക്ക് മടങ്ങി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ