കൊച്ചി: സുപ്രീംകോടതി നിർദേശമനുസരിച്ച് മരടിലെ ഫ്ലറ്റുകൾ പൊളിക്കാനുള്ള നടപടികളിൽ പ്രതിഷേധം അറിയിച്ച് സിനിമ പ്രവർത്തകരായ താമസക്കാരും. ഡയറക്ടറും അഭിനേതാവുമായ സൗബിൻ ഷാഹിർ, സംവിധായകൻ ബ്ലെസി, മേജർ രവി എന്നിവരാണ് നിയമലംഘനം ആരോപിക്കപ്പെട്ട ഫ്ലാറ്റുകളിലെ താമസക്കാരാണ് ഇവർ. വാങ്ങുന്നതിന് മുമ്പ് താമസിച്ചിരുന്ന സുഹൃത്തുക്കളോടൊക്കെ അന്വേഷിച്ചിരുന്നുവെന്നും പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്ന് സൗബിൻ ഷാഹിർ പറഞ്ഞു.

“ഒരാള്‍ വീട് വാങ്ങുമ്പോൾ അതെല്ലാം നോക്കാറുണ്ടല്ലോ, ഇനിയും കുറേ കഷ്ടപ്പെട്ടാലേ ഇതിൻ്റെ ലോണ്‍ ഒക്കെ അടച്ച് തീര്‍ക്കാൻ പറ്റൂ. മാധ്യമങ്ങളിലൂടെ അറിയുന്നത് അല്ലാതെ ഇതുവരെ ഞങ്ങള്‍ക്ക് നോട്ടീസൊന്നും ലഭിച്ചിട്ടില്ല. ഇത്രയും കുടുംബങ്ങള്‍ ഇവിടെ താമസിക്കുമ്പോള്‍ അവരുടെ കാര്യം കൂടി നോക്കണ്ടേ?” സൗബിൻ ഷാഹിർ ചോദിച്ചു.

Also Read: മരടിലെ പൊളിക്കേണ്ട ഫ്‌ളാറ്റുകള്‍ ചീഫ് സെക്രട്ടറി പരിശോധിച്ചു

ഇവിടെ കുറച്ച് ആളുകൾ ജീവിക്കുന്നുണ്ടെന്ന് ചിന്തിക്കാതെയുള്ള നടപടിയാണിതെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു. തമസിക്കുമ്പോൾ ഒരു നോട്ടീസെങ്കിലും തരണം. മാധ്യമങ്ങളിലൂടെയാണ് വിധിയെ കുറിച്ച് അറിഞ്ഞതെന്നും ബ്ലെസി കൂട്ടിച്ചേർത്തു. വിധിയിൽ രാഷ്ട്രപതിയെ സമീപിക്കണമെങ്കിൽ അത് ചെയ്യുമെന്ന് മേജർ രവിയും കൂട്ടിച്ചേർത്തു.

അതേസമയം ഫ്‌ളാറ്റുകള്‍ സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറിക്കെതിരേ താമസക്കാർ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ഒരു ഫ്ലാറ്റ് മാത്രം സന്ദർശിച്ച് ചീഫ് സെക്രട്ടറി മടങ്ങി. മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ഫ്ലാറ്റുകൾ നഗരസഭയ്ക്ക് പൊളിച്ചു നീക്കാനാവില്ലെന്ന് മരട് നഗരസഭാ ചെയർപേഴ്സൺ ടി.എച്ച്. നാദിറ പറഞ്ഞു. വിഷയം കൗൺസിൽ ചേർന്ന് ചർച്ച ചെയ്യും. താമസക്കാരെ ഒഴിപ്പിക്കുന്നതിനു എന്തു ചെയ്യുമെന്ന് കലക്ടറുമായി ചർച്ച ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.