Soorya Krishnamoorthy remembers Dr Babu Paul: മണ്മറഞ്ഞ ഐ എ എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനും വാഗ്മിയുമായ ഡോ ബാബു പോളിനെ ഓര്‍ത്ത് സൂര്യാ കൃഷ്ണമൂര്‍ത്തി. ബാബു പോളിന്റെ വിയോഗം തന്നെ പാടേ തളര്‍ത്തി എന്നും മരണം എത്തുന്നതിനു മുന്‍പ് തന്നെ തന്റെ അന്ത്യയാത്രയെക്കുറിച്ച് അദ്ദേഹത്തിന്റെ മുന്നറിവുണ്ടായിരുന്നു എന്നും സൂര്യാ കൃഷ്ണമൂര്‍ത്തി തന്റെ കുറിപ്പില്‍ പറയുന്നു.
“എന്റെ ജീവിതത്തിൽ എന്നെ ഏറെ സ്നേഹിച്ച ഓരോരുത്തരായി മടങ്ങുമ്പോൾ തളർന്നു പോകുന്നു… സിവിൽ സർവീസിൽ മാത്രം എന്റെ ഗുരുതുല്ല്യരായ പലരും വിട്ടു പിരിയുകയാണ്. സക്കറിയാ മാത്യു സാർ, കെ രാമചന്ദ്രൻ സാർ, പത്മകുമാർ സാർ, ഇപ്പോളിതാ ബാബു പോൾ സാറും. ഇന്നലെ ഉച്ചയോടെയാണ് മടക്കയാത്ര ഇല്ലാത്ത ഒരു യാത്രയിലാണ് അദ്ദേഹം എന്നറിഞ്ഞത്… തളർന്നു പോയി. തളർച്ച പിന്നീട് പനിയായി മാറി, അതായിരുന്നു ആ സ്നേഹ ബന്ധം.
ബൈബിളിനെ ആധാരമാക്കി ‘എന്റെ രക്ഷകൻ’ എന്ന ഒരു സ്റ്റേജ് ഷോ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്. മിക്കവാറും ദിവസങ്ങളിൽ അദ്ദേഹത്തെ വിളിച്ച് സംശയങ്ങൾ ചോദിക്കുമായിരുന്നു. സന്തോഷത്തോടെ ഉത്തരം പറഞ്ഞു തരും. ഇനി ഞാൻ ആരോടാണ് സംശയങ്ങൾ ചോദിക്കുക… അദ്ദേഹവുമായി സംസാരിക്കുമ്പോൾ രണ്ടു വരികളിലൊന്നു ഫലിതമായിരിക്കും. അയ്യപ്പപണിക്കർ സാറിനും ഇതേ രീതിയായിരുന്നു. രണ്ടു പേരും പോയി. ഫലിതത്തിന് ഇനി എവിടെയാണ് പോകേണ്ടത്…
Read More: On Babu Paul’s bible Dictionary in Malayalam, Vedasabda Ratnakaram: വേദശബ്ദ പൊരുള്‍ തേടി
അദ്ദേഹത്തെ കുറിച്ച് അധികമാരും അറിയാത്ത ഒരു രഹസ്യമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ നിർമ്മല അകാലത്തിൽ വിട്ടു പോയപ്പോളാണ് അദ്ദേഹം ഒറ്റപ്പെട്ടു പോയത്. വീട്ടിനു വെളിയിൽ അദ്ദേഹം എഴുതി വച്ചു. ഈ വീട്ടിൽ ഞാനും ദൈവവും ഒറ്റക്കാണ്. ഇനി അധികം ആരുമറിയാത്ത കാര്യം. ഇടക്കിടെ അദ്ദേഹം ഭാര്യയുടെ നാലാഞ്ചിറയിലുള്ള കല്ലറയിൽ പോകും, ആരെയും അറിയിക്കാതെ… കരയാൻ , വേദന ഇറക്കി വക്കാൻ, സ്നേഹം പങ്കിടാൻ… രണ്ടു തവണ ഞാൻ എന്റെ കാറിൽ അദ്ദേഹത്തെ കൊണ്ടു പോയിട്ടുണ്ട്. ഞാൻ ദൂരെ മാറി നില്ക്കും, അല്ലെങ്കിൽ കാറിൽ തന്നെ ഇരിക്കും. മടക്കയാത്രയിൽ ഒരക്ഷരം മിണ്ടുകയില്ല. വീട്ടിലെത്തുമ്പോൾ എന്നോട്ട് യാത്ര പോലും പറയാതെ അകത്തേക്കു കയറും. ദിവ്യമായ പ്രണയമാണ് ഞാൻ കണ്ടത്.
ഇന്ന് പത്രത്തിൽ കണ്ടു, സംസ്കാരം കുറുപ്പുംപടി യാക്കോബായ പള്ളിയിലാണെന്ന്. ഭാര്യയുടെ അടുത്താവുന്നതല്ലേ നല്ലത് എന്ന് ഞാൻ സാറിന്റെ മകനോട് ചോദിച്ചു.
കിംസ് ഹോസ്പിറ്റലിൽ പ്രവേശിക്കുമ്പോൾ തന്നെ ദൈവവിളി അദ്ദേഹത്തിന് അറിയാമായിരുന്നുവത്രേ. ചികിത്സിച്ച ഡോക്ടറോടു് പറഞ്ഞു ‘my last journey starts from here…’
മരണാനന്തരം ചെയ്യേണ്ട കാര്യങ്ങൾ എല്ലാം എഴുതി വച്ചിരുന്നു, ചൊല്ലേണ്ട സങ്കീർത്തനങ്ങൾ ഉൾപ്പടെ. സംസ്ക്കരിക്കേണ്ട ഇടവും ഇതിൽപ്പെടും.
മകൻ അച്ഛന്റെ നിർദ്ദേശം അക്ഷരംപ്രതി അനുസരിക്കുന്നു. കറുപ്പുംപടിയിലേക്കുള്ള
അന്ത്യയാത്ര നാലാഞ്ചിറ വഴിയാവും പോവുക. അവിടെ അദ്ദേഹത്തിന്റെ ഭാര്യ നിർമ്മല ഉണ്ടാവില്ല. അവർ സാറിനൊപ്പം അന്ത്യയാത്രയിൽ ചേർന്നിട്ടുണ്ടാവും…”
വെള്ളിയാഴ്ച തിരുവനന്തപുരത്ത് അന്തരിച്ച ഡോ ബാബു പോളിന്റെ സംസ്കാരം ഇന്ന് എറണാകുളം കുറുപ്പംപടിയിലെ സെന്റ്. മേരീസ് പള്ളിയില്‍ നടക്കും.
Read More: ബാബു പോളിന് കേരളത്തിന്റെ അന്ത്യാഞ്ജലി