ചെന്നൈ: മദ്രാസ് ഐഐടിയിൽ ബീഫ് ഫെസ്റ്റ് നടത്തിയതിന്റെ പേരില്‍ ആക്രമണത്തിന് ഇരയായ പിഎച്ച്ഡി വിദ്യാര്‍ഥിയായ സൂരജ് സംഭവം വളിപ്പെടുത്തി രംഗത്ത്. സംഘപരിവാറുകാരായ വിദ്യാര്‍ത്ഥികളാണ് തന്നെ ആക്രമിച്ചതെന്ന് സൂരജ് വ്യക്തമാക്കി. ക്യാന്റീനില്‍ മറ്റൊരു സുഹൃത്തുമൊത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അക്രമികള്‍ സൂരജിനെ സമീപിച്ചത്. മനീഷ് ആണ് ആദ്യം വന്ന് തന്നോട് പേര് ചോദിച്ചതെന്ന് സൂരജ് പറഞ്ഞു. തന്നെ പേരും മറ്റ് വിവരവും ചോദിച്ച മനീഷ് ബീഫ് കഴിക്കാറുണ്ടോയെന്ന് ചോദിച്ചു.

ഉണ്ടെന്ന് മറുപടി പറഞ്ഞ സൂരജ് തന്റെ ഭക്ഷണം കഴിക്കുന്നത് തുടര്‍ന്നു. ബീഫ് കഴിക്കാറുണ്ടെന്ന് പറഞ്ഞത് കേട്ട മനീഷ്ം ഉടന്‍ തന്നെ തന്റെ തലയ്ക്ക് പിറകുവശം ഇടിക്കുകയായിരുന്നുവെന്ന് സൂരജ് പറഞ്ഞു. നില തെറ്റിയ സൂരജിന്റെ മുടി പിടിച്ച മനീഷ് മുഖത്ത് ഇരുവശത്തും മാറി മാറി മര്‍ദ്ദിച്ചു.

രണ്ട് ദിവസം മുമ്പാണ് ബീഫിന്റെ പേരില്‍ സൂരജിനേയും സുഹൃത്ത് അനൂപിനേയും എബിവിപി അനുകൂല സംഘടന മര്‍ദ്ദിക്കുന്നത്. മര്‍ദ്ദനത്തില്‍ മുഖത്തെ എല്ലുകള്‍ക്കും കണ്ണിനും ക്ഷതമേറ്റ സൂരജ് ഇപ്പോഴും ചികിത്സയിലാണ്. കണ്ണിനു താഴെയുള്ള എല്ലു തകര്‍ന്ന സൂരജിനെ ശസ്ത്രക്രിയ്ക്ക് വിധേയമാക്കി.

അക്രമത്തെ തുടര്‍ന്ന് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ ആവശ്യങ്ങളെ മാനേജ്മെന്റ് പാടേ തഴഞ്ഞതായാണ് പരാതി. ഡീനിന്‍റെ ഓഫീസിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തുകയും വിദ്യാര്‍ഥികൾ ഡീനുമായി ചര്‍ച്ച നടത്തുകയും തങ്ങളുടെ ആവശ്യങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തിരുന്നു.

പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് വിദ്യാര്‍ഥി സംഘം മുന്നോട്ട് വച്ചത്. സൂരജിനേയും സുഹൃത്ത് അനൂപിനേയും ആക്രമിച്ചവരെ പുറത്താക്കികൊണ്ട് നടപടിയെടുക്കുക, സൂരജിന്‍റെ ചികിത്സാചിലവുകള്‍ സ്ഥാപനം വഹിക്കുക, അക്രമത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെയെടുക്കുന്ന നടപടി അപ്പോള്‍ തന്നെ സ്റ്റുഡന്‍സ് ബോഡിയെ അറിയിക്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍. അതിനുപുറമേ, സംഭവത്തിനുശേഷവും ബീഫ് കഴിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ ഇതേ അക്രമിസംഘം വധഭീഷണിയും ഉയര്‍ത്തിയിട്ടുണ്ടെന്നും വിദ്യാര്‍ഥി സംഘം ഡീനിനെ അറിയിച്ചു.

എന്നാല്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടു വച്ച ആവശ്യങ്ങളോട് ഒട്ടും നല്ല പ്രതികരനമായിരുന്നില്ല ഡീനിന്‍റെതെന്ന്‍ വിദ്യാര്‍ഥികള്‍ പറയുന്നു. മൂന്ന് ആവശ്യങ്ങളെയും തഴഞ്ഞ ഐഐടി മാനേജ്മെന്റ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു അച്ചടക്ക സമിതിയെ ചുമതലപ്പെടുത്താം എന്നൊരു പരിഹാരം മുന്നോട്ടു വയ്ക്കുകയായിരുന്നു എന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. എന്നാല്‍ അക്രമികള്‍ക്കെതിരെ ഇതുവരെയും നടപടികളൊന്നും സ്വീകരിച്ചിട്ടിലല്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഐഐടിയുടെ പ്രധാനകവാടത്തിലേക്ക് പ്രതിഷേധം വ്യാപിപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ