കോഴിക്കോട്: ഓസ്ട്രേലിയയിൽനിന്നു നാട്ടിലെത്തിയ, സിപിഎം നേതാവും മുൻ എംപിയും
കോഴിക്കോട് മുൻ മേയറുമായ എ.കെ.പ്രേമജത്തിൻ്റെ മകൻ ഹോം ക്വാറൻ്റീൻ ലംഘിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസ്പെക്ടർമാരോട് തട്ടിക്കയറിയതിനെതിരെ മെഡിക്കൽ കോളെജ് പൊലീസ് കേസ്സെടുത്തു. പ്രേമജത്തിനെതിരെയാണ് കേസ് എടുത്തത്.

മലാപ്പറമ്പ് സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. ബീന, ജോയൻ്റ് ഹെൽത്ത് ഇൻസ്പെക്ടർ ഷനോജ് എന്നിവരാണ് പരാതിപ്പെട്ടത്.

മേയറുടെ മകനും കുടുംബവും ഓസ്ട്രേലിയയിൽ നിന്നാണ് നാട്ടിലെത്തിയത്. ഇവരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. ഓസ്ട്രേലിയ ഉൾപ്പടെ 16 രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തുന്നവർക്ക് 28 ദിവസമാണ് ക്വാറന്റൈൻ കാലാവധി.

Read More: കോഴിക്കോട് രണ്ട് പേർക്കു കൂടി കോവിഡ്; ജില്ലയിൽ രോഗബാധിതരുടെ എണ്ണം നാലായി

എന്നാൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ യുവാവ് പുറത്ത് പോയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങളെ പ്രേമജം ചീത്ത വിളിച്ചതെന്നാണ് പരാതി.

ക്വാറന്റൈൻ നിയമങ്ങളും നിർദേശങ്ങളും പാലിക്കാത്ത നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിൽ ആരോഗ്യ പ്രവർത്തകരോട് സഹകരിക്കാതെ പുറത്തു കടക്കാൻ ശ്രമിച്ചയാളെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന രണ്ടു പേർ അമേരിക്കയിലേക്ക് കടന്നിരുന്നു. അമേരിക്കയിൽ നിന്നെത്തിയ ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ള ജില്ലകളിൽ ഒന്നാണ് പത്തനംതിട്ട. ഇതിനിടെ ഐസൊലേഷൻ വ്യവസ്ഥ ലംഘിച്ച 13 പേർക്കെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ പി ബി നൂഹ് ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. കൊല്ലത്തും കാസർഗോഡും ക്വാറന്റൈൻ ലംഘിച്ചവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

വിദേശത്തുനിന്ന് എത്തിയ മലയാളികള്‍ ഹോംസ്റ്റേയില്‍ ഒളിച്ചു താമസിച്ച വാർത്തയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മലപ്പുറം സ്വദേശികളായവര്‍ വയനാട് മേപ്പാടിയിലെ ഹോംസ്റ്റേയിലാണ് ഒളിച്ചുതാമസിച്ചത്. വിദേശത്തുനിന്നു വന്നതാണെന്ന കാര്യം മറച്ചുവച്ചായിരുന്നു താമസം. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിന് പിന്നാലെയാണു വിവരം പുറത്തുവന്നത്. അയല്‍ജില്ലകളില്‍നിന്നു വയനാട്ടിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.