കുമ്പള: പള്ളിദര്‍സിയില്‍ പഠിക്കാന്‍ പോയ മകന്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടതു ദുര്‍ഗന്ധം വമിക്കുന്ന അമ്മയുടെ മൃതശരീരം. കുമ്പള പുതിഗെ എ കെ ജി നഗറിലാണു സംഭവം. ആയിശ (52)യെയാണു മരിച്ച നിലയില്‍ കണ്ടത്. കര്‍ണ്ണാടക സ്വദേശികളായ ഇവര്‍ 11 വര്‍ഷമായി കേരളത്തില്‍ താമസമാക്കിയിട്ടെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.
മകന്‍ ബാസിത് പെരിയടുക്കയിലെ പള്ളിദര്‍സയില്‍ താമസിച്ചു പഠിക്കുകയായിരുന്നു. ഉമ്മയെ പലതവണ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നു മകന്‍ വീട്ടില്‍ വന്ന് അന്വേഷിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച മകന്‍ വീട്ടില്‍ എത്തിയെങ്കിലും വീടു പൂട്ടിയ നിലയിലായിരുന്നു.
കല്ല്യാണ വീടുകളില്‍ സ്ഥിരമായി പോകാറുള്ള ആയിശ അങ്ങനെ പോയതാകാം എന്നു കരുതി മകന്‍ തിരിച്ചു പോയി. ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നു വെള്ളിയാഴ്ച മകന്‍ വീണ്ടും വന്ന് അന്വേഷിക്കുകയായിരുന്നു. ഈ സമയം വീടിനു ചുറ്റും ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു, വതിലില്‍ തുടരെ മുട്ടിട്ടും തുറന്നില്ല. ഇതിനെ തുടര്‍ന്നു ജനല്‍ പോളിച്ചു നോക്കിയപ്പോള്‍ ബാസിത് കണ്ടതു തറയില്‍ മരിച്ചു കിടക്കുന്ന ഉമ്മയേയായിരുന്നു.
ഇതോടെ ഇയാള്‍ ബഹളം വച്ച് അയല്‍വാസികളെ അറിയിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേയ്ക്കു മാറ്റി.