ഇരിട്ടി: ലോക മാതൃദിനത്തിൽ കേരളത്തിൽ ഒരമ്മയ്ക്ക് സ്വന്തം മകന്റെ കൈകൊണ്ട് ദാരുണാന്ത്യം.   ചാവശ്ശേരി കട്ടേങ്കണ്ടത്ത് മാവിട്ടവൻ വീട്ടിൽ പരേതനായ മാവിട്ടവൻ കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ കരിയാടൻ പാർവ്വതി അമ്മ (86) യെ ആണ് മകൻ സതീശൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

പരേതനായ കൃഷ്ണൻ നമ്പ്യാരുടെയും ഭാര്യ പാർവ്വതിയമ്മയുടെയും ഏക മകനാണ് സതീശൻ. ഇന്ന് വൈകുന്നേരം മദ്യലഹരിയിലാണ് സതീശൻ അമ്മയെ കൊലപ്പെടുത്തിയത്. സ്ഥിരം മദ്യപാനിയായ ഇയാൾ ഇന്ന് വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ ശേഷം അമ്മയോട് വാക്കുതർക്കം ഉണ്ടാവുകയും പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊല നടത്തിയ ശേഷം സമീപത്ത് താമസിക്കുന്ന പിതൃസഹോദരന്റെ വീട്ടിലെത്തി ഇയാൾ താൻ അമ്മയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞു. പൊലീസിനെ വിളിക്കാൻ ഫോൺ നമ്പർ വേണമെന്ന് ആവശ്യപ്പെട്ടതോടെ ബന്ധുക്കളും നാട്ടുകാരും ഓടി ഇയാളുടെ വീട്ടിലേക്ക് വരികയായിരുന്നു. ഇവർ പാർവ്വതി അമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ചെങ്കൽ ക്വാറിയിൽ കല്ല് കൊത്ത് യന്ത്രത്തിന്റെ ഡ്രൈവറാണ് സതീശൻ. രണ്ട് വർഷം മുൻപ് ഇയാളുടെ ഭാര്യ നിഷ ആത്മഹത്യ ചെയ്തിരുന്നു. ഇവരുടെ പ്ലസ് ടു, എസ്എസ്എൽസി വിദ്യാർത്ഥിനികളായ രണ്ട് പെൺമക്കൾ അമ്മയുടെ വീട്ടിലാണ് താമസം.

ഇയാൾ കുറച്ച് നാൾ മുൻപ് അമ്മയെ വീട്ടിൽ ഉമ്മറത്ത് നിന്നും പുറത്തേക്ക് തളളിയിട്ട് പരുക്കേൽപ്പിച്ചതായി നാട്ടുകാർ ആരോപിച്ചിട്ടുണ്ട്.  എന്നാൽ ഇന്ന് കൊല നടത്താനുണ്ടായ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.   സ്ഥലത്തെത്തിയ മട്ടന്നൂർ സിഐ എ.വി.ജോൺ, എസ്ഐ ശിവൻ ചോടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സതീശനെ കസ്റ്റഡിയിലെടുത്തു.

പാർവ്വതിയമ്മയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാളെ സംസ്‌കരിക്കും. സതീശന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.