പത്തനംതിട്ട: പന്തളത്ത് വൃദ്ധരായ മാതാപിതാക്കളെ മകൻ കൊന്ന് കുഴിച്ച് മൂടി. പൊങ്ങലടി കാഞ്ഞിരവിളയിലെ കെ.എം.ജോൺ (70), ഭാര്യ ലീലാമ്മ ജോൺ (63) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ മാത്യൂസ് ജോണിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരാഴ്ച മുൻപാണ് സംഭവം നടന്നത്. ഇരുവരുടെയും മൃതദേഹം വീടിന് സമീപത്തുള്ള കുഴിയിൽ മറവ് ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

വൃദ്ധരായ മാതാപിതാക്കൾക്കൊപ്പമാണ് മാത്യൂസും ഭാര്യയും കുട്ടിയും താമസിച്ചിരുന്നത്. ഭാര്യയും കുട്ടിയും ഒരാഴ്ച മുൻപ് കോട്ടയത്തെ വീട്ടിലേക്ക് പോയ ശേഷമാണ് ഇയാൾ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. ഇരുവരെയും കാണാതെ വന്നതോടെ മകനോട് ഇവരെക്കുറിച്ച് പരിസരവാസികളും ബന്ധുക്കളും തിരക്കിയിരുന്നു. എന്നാൽ ഇവർ ധ്യാനത്തിന് പോയിരിക്കുകയാണെന്നാണ് മകൻ മറുപടി നൽകിയത്.

തുടർന്ന് ഇയാൾ വീടിന് സമീപത്തുള്ള പൊട്ടക്കിണറ്റിൽ മൃതദേഹം മൂടുകയായിരുന്നു. ജെസിബി ഉപയോഗിച്ചാണ് ഇയാൾ മൃതദേഹം മൂടിയത്. ദമ്പതികളെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതോടെ പൊലീസ് ഇന്ന് വീട്ടിലെത്തി. എന്നാൽ മകൻ പൊലീസിനെ വെട്ടിച്ച് മുങ്ങി. പക്ഷേ ഇയാളെ അടൂരിൽ വച്ച് പൊലീസ് പിടികൂടി. താനാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും മൃതദേഹം പൊട്ടക്കിണറിൽ മറവു ചെയ്തെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു. നഴ്സിങ് ബിരുദധാരിയായാണ് മകൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ