കൊല്ലം: കൊല്ലം ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. 84 വയസുള്ള തെക്കുംഭാഗം സ്വദേശി ഓമനയാണ് മകന്റെ ക്രൂരമർദ്ദനത്തിനിരയായത്. പണം ആവശ്യപ്പെട്ടാണ് മകൻ ഓമനക്കുട്ടൻ ഇവരെ മർദ്ദിച്ചത് എന്നാണ് വിവരം. തടയാൻ ശ്രമിച്ച സഹോദരനും പരുക്കേറ്റു.
അയൽവാസിയായ വിദ്യാർത്ഥി പകർത്തിയ ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കണ്ണില്ലാ ക്രൂരത നാടറിഞ്ഞത്. മദ്യലഹരിയിലാണ് ഓമനക്കുട്ടൻ അമ്മയെ മർദ്ദിച്ചത്. മുൻപും ഇയാൾ മദ്യപിച്ചെത്തി സമനരീതിയിൽ അമ്മയെ മർദ്ദിച്ചിട്ടുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്.
മർദനമേറ്റ് താഴെ വീഴുന്നത് അമ്മയെ വലിച്ചിഴക്കുന്നതും അസഭ്യം പറയുന്നതുമെല്ലാം പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. വീഡിയോ പുറത്ത് വന്നതോടെ പൊലീസ് ഓമനക്കുട്ടനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ മകനെതിരെ മൊഴി നൽകാൻ അമ്മ തയാറായിട്ടില്ല എന്നാണ് വിവരം. തന്നെ ആരും മർദ്ദിച്ചിട്ടില്ല, വീണ് പരുക്കേറ്റതാണ് എന്നാണ് അമ്മ പറയുന്നത്.
നേരത്തെ ഇത്തരത്തിൽ മർദ്ദനം ഉണ്ടായപ്പോൾ പരാതിപ്പെടാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ അമ്മ മകനെ സംരക്ഷിച്ച് ആ വീട്ടിൽ തന്നെ കഴിയുകയാണ് ചെയ്തതെന്നും പഞ്ചായത്തംഗം മാധ്യമങ്ങളോട് പറഞ്ഞു. പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഓമനക്കുട്ടനെതിരെ കേസെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ് എന്നാണ് വിവരം.
Also Read: തിരുവല്ലയിൽ കർഷകൻ പാടവരമ്പത്ത് തൂങ്ങി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധിയെന്ന് ബന്ധുക്കൾ