കൊച്ചി: മെട്രോ പാളത്തില്‍ ചെരിവുണ്ടായത് സ്ഥിരീകരിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍). മെട്രോ സ്റ്റേഷന് സമീപമുള്ള 347-ാം നമ്പര്‍ പില്ലറിന്റെ അടിത്തറയില്‍ ലഘുവായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ് ട്രാക്കില്‍ ചെരിവ് സംഭവിച്ചത്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും കെഎംആര്‍എല്‍ അറിയിച്ചു.
പ്രസ്തുത ഭാഗത്തെ മണ്ണിന്റെ ഘടനയിലുള്ള മാറ്റമാണോ ഇതിന് കാരണമെന്ന് പരിശോധിക്കും. മെട്രോ ട്രെയിന്‍ സര്‍വീസിനെ ഇത് ബാധിക്കില്ലെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി. മുന്‍കരുതല്‍ എന്ന നിലയില്‍ ഇവിടെ ട്രയിനിന്റെ വേഗം കുറച്ചിട്ടുണ്ട്. പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പരിഹരിക്കാനുള്ള വിദഗ്ധസേവനം തേടിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
രണ്ടാഴ്ചകള്‍ക്ക് മുന്‍പ് നടത്തിയ പരിശോധനയിലായിരുന്നു ചെരിവ് ഉണ്ടായതായി കണ്ടെത്തിയത്. പേട്ട മുതല്‍ എസ് എന്‍ ജംഗ്ഷന്‍ വരെയുള്ള പുതിയ പാതയുടെ പരീക്ഷണയോട്ടം കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. പുതിയ പാതയിൽ സർവീസ് തുടങ്ങുമ്പോൾ കൊച്ചി മെട്രോയുടെ സ്റ്റേഷനുകളുടെ എണ്ണം 24 ആയി ഉയരും.
Also Read: യുക്രൈനിലേക്കുള്ള വിമാനനിയന്ത്രണം കേന്ദ്രം നീക്കി; കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങിയേക്കും