കണ്ണൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസിന്‍റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ഒത്തുതീർപ്പാക്കിയെന്ന വി.ടി.ബൽറാം എംഎൽഎയുടെ പ്രസ്താവന തള്ളി കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തല. ടി.പി വധവുമായി ബന്ധപ്പെട്ട കേസിൽ ഒരു ഒത്തുതീർപ്പും ഉണ്ടായിട്ടില്ല. വളരെ ഭംഗിയായാണ് യുഡിഎഫ് സർക്കാർ കേസ് കൈകാര്യം ചെയ്തതെന്നും ബാക്കി കാര്യങ്ങൾ ബൽറാമിനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുതീര്‍പ്പ് നടത്തിയെന്ന് ആരോപണം ഉന്നയിച്ചവരോട് തന്നെ വിശദാംശങ്ങള്‍ ചോദിക്കുകയാണ് വേണ്ടതെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേസ് അന്വേഷണം എഡിജിപി വിന്‍സെന്റ് എം പോളിന്റെ നേതൃത്വത്തില്‍ നീതി പൂര്‍വ്വമാണ് നടത്തിയതെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.

സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിടി ബല്‍റാം രംഗത്തെത്തിയത്. ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനക്കേസ് നേരാവണ്ണം അന്വേഷിച്ച് മുന്നോട്ട് കൊണ്ടു പോവാതെ ഇടയ്ക്ക് വച്ച് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി പുതിയ ആരോപണങ്ങള്‍ എന്നായിരുന്നു വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയ അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാവണമെന്നും വിടി ബല്‍റാം ആവശ്യപ്പെട്ടിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ