തിരുവനന്തപുരം: സോളാർ കമ്മിഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. രാവിലെ ഒന്പത് മണിക്ക് സഭ ചേർന്നപ്പോൾ വേങ്ങരയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുസ്ളിം ലീഗ് എംഎൽഎ കെ.എൻ.എ.ഖാദർ സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വച്ചു. റിപ്പോർട്ടുമായി ബന്ധപ്പെട്ട് ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തി.

കമ്മീഷന്‍ റിപ്പോര്‍ട്ടിനെപ്പറ്റിയും കണ്ടെത്തലിനെപ്പറ്റിയും ഇതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെപ്പറ്റിയും മുഖ്യമന്ത്രി പ്രസ്താവന നടത്തി. പൊതുജനതാല്‍പര്യ കണക്കിലെടുത്താണ് റിപ്പോര്‍ട്ട് ഇത്രവേഗം സഭയിൽവച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടേംസ് ഓഫ് റഫറന്‍സ് ലംഘിച്ചതിനാലാണ് വീണ്ടും നിയമോപദേശം തേടിയത്. ഉമ്മന്‍ ചാണ്ടിയും ഓഫീസും തെറ്റുകാരാണെന്നാണ് കമ്മീഷന്‍ കണ്ടെത്തല്‍. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചു.

കേസ് അന്വേിഷിച്ച പൊലീസ് സംഘവും ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. ആര്യാടന്‍ മുഹമ്മദ് കഴിയുന്ന രീതിയിലൊക്കെ സരിതയെ സഹായിക്കാന്‍ ശ്രമിച്ചു. ഫോണ്‍ രേഖകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടില്ല മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ ബഹളത്തിനിടെയാണ് കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി സഭയുടെ മേശപ്പുറത്തുവച്ചത്. പ്രതിപക്ഷ ബഹളം ശക്തിപ്പെട്ടതോടെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ശാന്തരാകാൻ ആവശ്യപ്പെട്ടു. പ്രതിപക്ഷം കൂടി ആവശ്യപ്പെട്ട പ്രകാരമാണ് സോളാർ കമീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ സഭ ചേർന്നതെന്ന് സ്പീക്കർ സഭയിൽ പറഞ്ഞു.

ഇതിനിടെ, സഭാ ചട്ടം 303 പ്രകാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ ക്രമപ്രശ്നം ഉന്നയിച്ചു. അന്വേഷണ റിപ്പോർട്ടും സ്വീകരിച്ച നടപടിയും സഭക്ക് മുമ്പിൽ വയ്ക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടെന്ന് ചെന്നിത്തല ആരോപിച്ചു. നിയമസഭയെ നോക്കുകുത്തിയാക്കി അവഹേളിക്കാൻ പ്രതിപക്ഷം അനുവദിക്കില്ല. വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടെങ്കിലും റിപ്പോർട്ടിന്‍റെ പകർപ്പ് നൽകാൻ സർക്കാർ തയ്യാറായില്ല. കമീഷൻ റിപ്പോർട്ട് അവതരിപ്പിച്ച് അതിന്‍റെ പേരിൽ നടപടി സ്വീകരിച്ച് പ്രതിപക്ഷത്തെയും യുഡിഎഫിനെയും നിശബ്ദരാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും ചെന്നിത്തല സഭയിൽ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ