തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാനുള്ള പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് സംസ്ഥാന സർക്കാർ. സോളാർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ​ വയ്ക്കാൻ സർക്കാർ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു. നവംബർ 9 നാണ് പ്രത്യേക സഭാസമ്മേളനം വിളിച്ച് ചേർക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചിരിക്കുന്നത്.

സോളാർ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി നിയമനടപടിക്ക് ഒരുങ്ങുന്നതിനിടെയാണ് സർക്കാരിന്റെ ഈ നീക്കം. കമ്മീഷൻ റിപ്പോർട്ട് സഭയിൽവച്ച് കഴിഞ്ഞാൽ അത് പൊതുരേഖയായി മാറും. നിയമസഭയുടെ വെബ്സൈറ്റിൽ റിപ്പോർട്ട് ലഭിക്കുന്നതായിരിക്കും.

ഇതിനിടെ കമ്മീഷന്റെ ശുപാർശ പ്രകാരം കേസ് എടുക്കുന്നത് സംബന്ധിച്ച് സർക്കാർ ഒരിക്കൽക്കൂടി നിയമോപദേശം തേടും. മുൻ സുപ്രീംകോടതി ജസ്റ്റിസ് അരിജിത്ത് പാസായത്തിനോടാണ് സർക്കാർ നിയമോപദേശം തേടുന്നത്. നേരത്തെ സർക്കാർ എജിയിൽ നിന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനിൽ നിന്നും നിയമോപദേശം തേടിയിരുന്നു.

കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ അഴിമതി സംബന്ധിച്ച് യുഡിഎഫ് ഗവണ്‍മെന്റ് നിയമിച്ച എസ്.ശിവരാജന്‍ കമ്മീഷന്‍
നൽകിയ റിപ്പോര്‍ട്ട് പ്രകാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമടക്കം യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. റിപ്പോര്‍ട്ടിന്‍ മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളടക്കം വിശദമാക്കുന്ന കുറിപ്പ് സഹിതമായിരിക്കും സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ