/indian-express-malayalam/media/media_files/uploads/2017/09/solar-1.jpg)
തിരുവനന്തപുരം: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സോളാർ കേസിന്റെ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ജി.ശിവരാജൻ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ട് കൈമാറിയത്. നാലു ഭാഗങ്ങളിലായാണ് സോളാർ കമ്മിഷൻ റിപ്പോർട്ട്. അന്വേഷണം തുടങ്ങി 4 വർഷം പൂർത്തിയാകാൻ ഒരു മാസം ബാക്കിനിൽക്കേയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ടിലെ വിശദാംശങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കുമെന്ന് ജസ്റ്റിസ് ജി.ശിവരാജൻ മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ട് കിട്ടിയതേയുളളൂവെന്നും ബാക്കി കാര്യങ്ങൾ പിന്നീടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം, ഉമ്മൻചാണ്ടിയുടെ ഓഫിസിന് വീഴ്ച പറ്റിയെന്ന് കമ്മിഷൻ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയും വിമർശനം ഉണ്ടെന്നാണ് സൂചന. കേസ് അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നും അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
2013 ഓഗസ്റ്റ് 16 നാണു സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണത്തിനു ഉത്തരവിട്ടത്. ഒക്ടോബർ 23 നു ജസ്റ്റിസ് ജി.ശിവരാജനെ കമ്മിഷനായി തീരുമാനിക്കുകയും 28ന് അദ്ദേഹം ചുമതല ഏൽക്കുകയും ചെയ്തു. ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു കമ്മിഷനെ നിയമിച്ചപ്പോൾ യുഡിഎഫ് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, പല തവണ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കാനുളള കാലാവധി നീട്ടി വാങ്ങുകയായിരുന്നു.
ഈ മാസം 27ന് കമ്മീഷന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് അന്വേഷണ റിപ്പോർട്ട് ഇന്നു സമർപ്പിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ സർക്കാരിനെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു സോളാർ തട്ടിപ്പ് കേസ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെ നിരവധി പ്രമുഖർക്കെതിരെയായിരുന്നു ആരോപണം ഉയർന്നിരുന്നത്. ഉമ്മൻ ചാണ്ടി ഉൾപ്പടെ നിരവധി പ്രമുഖരെ കേസിൽ കമ്മീഷൻ വിസ്തരിച്ചിരുന്നു. 15 മണിക്കൂറാണ് ഉമ്മൻ ചാണ്ടിയെ വിസ്തരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രി തുടർച്ചയായി 15 മണിക്കൂർ അന്വേഷണ കമ്മിഷൻ മുൻപാകെ മൊഴി കൊടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.