തിരുവനന്തപുരം: സോളാർ കേസിൽ ജുഡീഷൽ അന്വേഷണ കമ്മീഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തനിക്ക് നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും റിപ്പോർട്ട് വരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. റിപ്പോർട്ട് നൽകുന്നത് കമ്മീഷന്‍റെ ഉത്തരവാദിത്വമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഈ മാസം 27ന് കമ്മീഷന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ സർക്കാരിനെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു സോളാർ തട്ടിപ്പ് കേസ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെ നിരവധി പ്രമുഖർക്കെതിരെയായിരുന്നു ആരോപണം ഉയർന്നിരുന്നത്. ഉമ്മൻ ചാണ്ടി ഉൾപ്പടെ നിരവധി പ്രമുഖരെ കേസിൽ കമ്മീഷൻ വിസ്തരിച്ചിരുന്നു.
2013ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസായ ജി.ശിവരാജനെ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചത്. പിന്നീട് കമ്മീഷന് പലതവണ കാലാവധി നീട്ടി നൽകിയിരുന്നു. സോളാർ കേസിൽ സർക്കാരിന് ഏതെങ്കിലും തരത്തിൽ നഷ്ടമുണ്ടായോ എന്നും ഉണ്ടായെങ്കിൽ ആരാണ് ഉത്തരവാദി എന്നതുമാണ് കമ്മീഷൻ അന്വേഷിച്ചത്.