തിരുവനന്തപുരം: സോളാർ കേസിൽ വൈകിയാണെങ്കിലും തനിക്ക് നീതി കിട്ടിയെന്ന് സരിത എസ്.നായർ. താൻ പറഞ്ഞതെല്ലാം ശരിയാണെന്ന് പൊതുജനമധ്യത്തിൽ തെളിയിക്കാനായതിൽ സന്തോഷം. മറ്റു റിപ്പോർട്ടുകളെപ്പോലെ സോളാർ കമ്മിഷനും റിപ്പോർട്ടും ആയിപ്പോകുമോയെന്ന് ഭയമുണ്ടായിരുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ താൻ ഉന്നയിച്ച വിഷയങ്ങളെല്ലാം ശരിയാണെന്ന് കണ്ടെത്തിയതിൽ സന്തോഷം. തെറ്റ് ചെയ്തവർക്ക് തക്ക ശിക്ഷ കിട്ടുമെന്ന് തന്നെയാണ് വിശ്വാസമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

മാനഭംഗത്തിന് കേസെടുത്തത് നന്നായി. രാഷ്ട്രീയത്തിന്റെ പിൻബലത്തിൽ ഒരു സ്ത്രീയോട് എന്തും ചെയ്യാമെന്നും കരുതരുത്. അങ്ങനെയുളളവർക്ക് ഒരു മുന്നറിയിപ്പാണ്. ഞാൻ മാത്രമായിരിക്കില്ല ഇപ്പോൾ പുറത്തുവന്നവരുടെ ചതിയിൽ പെട്ടിരിക്കുക. നാലു വർഷമായി പല വാതിലുകൾ മുട്ടിയ ശേഷമാണ് ഇപ്പോൾ തനിക്ക് കിട്ടിയ ഈ വിധിയെന്നും സരിത പറഞ്ഞു.

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും ഊര്‍ജ്ജ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സരിതയെ ലൈംഗികമായി പീഡിപ്പിച്ചവർക്കെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളാർ കമ്മിഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം കൈകൊണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ