തൃശൂർ: സോളാർ കമ്മിഷൻ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സർക്കാർ ആദ്യം റിപ്പോർട്ട് പുറത്തുവിടട്ടെ. യുഡിഎഫിനും കോൺഗ്രസിനും എനിക്കും ഇതിൽ പേടിയില്ല. സർക്കാർ നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകും. സിപിഎമ്മിനെപ്പോലെ പ്രക്ഷോഭത്തിലൂടെ ഇതിനെ നേരിടില്ല. തെറ്റു ചെയ്യാത്തതുകൊണ്ട് ഒന്നിനെയും ഭയക്കുന്നില്ല. ഇതുകൊണ്ടൊന്നും തന്നെ തളർത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്മിഷൻ നീണ്ട സിറ്റിങ് നടത്തിയിരുന്നു. കമ്മിഷന്റെ എല്ലാ ചോദ്യത്തിനും മറുപടി പറഞ്ഞിട്ടുണ്ട്. ഒരു സാക്ഷിയും എനിക്കെതിരെ മൊഴി കൊടുത്തിട്ടില്ല. സരിത എഴുതിയ കൃത്രിമ കത്തിലാണ് എനിക്കെതിരെ പരാമർശമുളളത്. ഈ കത്തിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സോളാർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. കഴിഞ്ഞ സർക്കാരിനെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു സോളാർ തട്ടിപ്പ് കേസ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെ നിരവധി പ്രമുഖർക്കെതിരെയായിരുന്നു ആരോപണം ഉയർന്നിരുന്നത്. ഉമ്മൻ ചാണ്ടി ഉൾപ്പടെ നിരവധി പ്രമുഖരെ കേസിൽ കമ്മീഷൻ വിസ്തരിച്ചിരുന്നു. 15 മണിക്കൂറാണ് ഉമ്മൻ ചാണ്ടിയെ വിസ്തരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രി തുടർച്ചയായി 15 മണിക്കൂർ അന്വേഷണ കമ്മിഷൻ മുൻപാകെ മൊഴി കൊടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ