തിരുവനന്തപുരം: സോളാർ കമ്മിഷൻ റിപ്പോർട്ട് ഇപ്പോൾ പരസ്യമാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരസ്യമാക്കുന്നത് നിയമവിരുദ്ധമാണ്. ആറു മാസത്തിനുളളിൽ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും. സോളാർ നടപടി രാഷ്ട്രീയ പ്രേരിതമല്ലെന്നും ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോർട്ട് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകാൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയെ നേരിട്ട് കാണാതെ കത്തിലൂടെയാകും ഇക്കാര്യം ആവശ്യപ്പെടുക. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് നൽകാൻ കഴിയില്ലെന്ന് മന്ത്രി എ.കെ.ബാലൻ സൂചന നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് റിപ്പോർട്ട് ആവശ്യപ്പെട്ട് കത്ത് നൽകാൻ തീരുമാനിച്ചത്.

സോളാർ തട്ടിപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പങ്കുള്ളതായി സോളാർ കമ്മിഷൻ കണ്ടെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ പഴ്സണൽ സ്റ്റാഫ് അംഗങ്ങളും ടീം സോളാറിനെ സഹായിച്ചുവെന്നും, ഉപഭോക്താക്കളെ കബളിപ്പിക്കാൻ സരിത എസ്.നായർക്ക് ഇവർ സഹായം നൽകിയെന്നും കമ്മീഷൻ കണ്ടെത്തി. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ വേണ്ടി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ വഴിവിട്ട് ഇടപെട്ടുവെന്നും കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.

സെപ്റ്റംബർ 26 നാണ് കമ്മീഷന്‍ അധ്യക്ഷന്‍ റിട്ടയേഡ് ജസ്റ്റിസ് ജി.ശിവരാജന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. സോളാർ കമ്മീഷന്റെ കണ്ടെത്തലുകളെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക​ അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ