തിരുവനന്തപുരം: സോളാർ തട്ടിപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പങ്കുള്ളതായി സോളാർ കമ്മീഷൻ കണ്ടെത്തൽ. ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ പഴ്സണൽ സ്റ്റാഫ് അംഗങ്ങളും ടീം സോളാറിനെ സഹായിച്ചുവെന്നും, ഉപഭോക്താക്കളെ കബളിപ്പിക്കാൻ സരിത എസ്.നായർക്ക് ഇവർ സഹായം നൽകിയെന്നും കമ്മീഷൻ കണ്ടെത്തി. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ വേണ്ടി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ വഴിവിട്ട് ഇടപെട്ടുവെന്നും കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടി ഉൾപ്പടെയുള്ളവർക്കെതിരെ കേസ് എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

പഴ്സണൽ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പൻ, ജിക്കുമോൻ, ഗൺമാൻ സലീം രാജ് എന്നിവർക്ക് സോളാർ തട്ടിപ്പിൽ വ്യക്തമായ പങ്കുണ്ടെന്നും കമ്മീഷൻ കണ്ടെത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇവർക്കെതിരെ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സർക്കാർ നിർദ്ദേശിച്ചു. ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്‍റെ പഴ്സണൽ സ്റ്റാഫ് അംഗങ്ങളും സരിത നായരിൽ നിന്നു നേരിട്ടു പണം കൈപ്പറ്റിയതായാണ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. അഴിമതി നിരോധന നിയമം എഴ്, എട്ട്, ഒൻപത്, പതിമൂന്ന് വകുപ്പുകൾ പ്രകാരം ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. അതിനാൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സരിത എസ്.നായരെ ലൈംഗികമായി പീഡിപ്പിച്ചവർക്കെതിരെ കേസ് എടുക്കാൻ കമ്മീഷൻ ശുപാർശ നൽകിയിട്ടുണ്ട്. 19-07-2013 ൽ നൽകിയ കത്തിൽ പരമാർശമുള്ള ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്, എ.പി.അനിൽ കുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, മുൻ കേന്ദ്രമന്ത്രി പളനി മാണിക്യം, ഐജി പദ്മകുമാർ,
കോൺഗ്രസ് നേതാവ് എൻ.സുബ്രമണ്യൻ,  ജോസ് കെ.മാണി എംപി, കെ.സി.വേണു ഗോപാൽ എന്നിവർക്കെതിരെകേസെടുക്കും. ബലാൽസംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ് എടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ലൈംഗികമായി പീഡിപ്പിച്ചുവെന്ന്  സരിതയുടെ കത്തിൽ പറഞ്ഞിട്ടുളളവർക്കെതിരെ കൈക്കൂലി നിരോധന നിയമത്തിന്രെ പരിധിയിൽ പെടുത്തികേസെടുക്കാനുംകമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്നും രക്ഷിക്കാനായി സരിതയെ സ്വധീനിക്കാന്‍ ശ്രമിച്ച മുന്‍ എംഎല്‍എമാരായ തമ്പാനൂർ രവി, ബെന്നി ബെഹ്നാന്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കും. തെളിവ് നശിപ്പാക്കാൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

സോളാർ തട്ടിപ്പിനെപ്പറ്റി അന്വേഷിക്കാൻ യുഡിഎഫ് സർക്കാർ നിയോഗിച്ച അന്വേഷണം സംഘം ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ കുൽസിത പ്രവർത്തനങ്ങൾ നടത്തിയെന്നും ഐജി പത്മകുമാറിനെതിരെ വകുപ്പ്തല നടപടി എടുക്കാനും കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഐജി പത്മകുമാറിനെതിരെയും ഡിവൈഎസ്പി ഹരികൃഷ്ണനെതിരെയും തെളിവ് നശിപ്പിച്ചതിനും അന്വേഷണം അട്ടിമറിച്ചതിനും കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു. കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം കേസ് എടുക്കാൻ സർക്കാർ നിർദേശം നൽകി.

പൊലീസ് അസോസിയേഷൻ സെക്രട്ടറി ജി.ആര്‍.അജിത്തിനെതിരെ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വകുപ്പുതല നടപടിയെടുക്കാനും ക്രിമനല്‍ കേസെടുത്ത് വിജിലന്‍സ് അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

സെപ്റ്റംബർ 26 നാണ് കമ്മീഷന്‍ അധ്യക്ഷന്‍ റിട്ടയേഡ് ജസ്റ്റിസ് ജി.ശിവരാജന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്‍മേല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, അഡ്വക്കേറ്റ് ജനറല്‍ എന്നിവരോട് നിയമോപദേശം തേടുകയായിരുന്നു. നിയമോപദേശത്തില്‍ ലഭിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടിരിക്കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പൂര്‍ണമായും സര്‍ക്കാര്‍ അംഗീകരിച്ചു.

സോളാർ കമ്മീഷന്റെ കണ്ടെത്തലുകളെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക​ അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഡിജിപി രാജേഷ് ദിവാന്റെ നേത്രത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും ആറു മാസത്തിനകം നിയമസഭയില്‍ വയ്ക്കുമെന്ന് മുഖ്യമന്ത്രി അറയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ