തിരുവനന്തപുരം: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മർദ്ദത്തിലാകുമെന്ന് റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ ഓഫീസ് സോളാർ തട്ടിപ്പിനായി ദുരുപയോഗം ചെയ്തിരുന്നുവെന്നും കേസ് വിവാദമായ ശേഷം, സാമ്പത്തിക തട്ടിപ്പുകൾ ഒത്തുതീർക്കാൻ ഇവിടം ഉപയോഗിക്കപ്പെട്ടുവെന്നുമാണ് കണ്ടെത്തലുള്ളത്. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടീം സോളാറിന്റെ ഭാഗമായ ബിജു രാധാകൃഷ്ണനും സരിത എസ്.നായർക്കും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസുമായി അടുത്ത ബന്ധം സ്ഥാപിക്കാനായെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. കേസുകൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ഓഫീസിനെ ഉപയോഗിച്ചിരുന്നു. ഇന്റലിജൻസ് എഡിജിപിയുടെ മുന്നറിയിപ്പ് മുൻ സർക്കാർ വിലക്കെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്താതിരുന്നതിനാൽ കേസിൽ കൂടുതൽ ശക്തമായ നടപടിയുണ്ടാവില്ല. ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ട് മന്ത്രിസഭ യോഗം ചർച്ച ചെയ്ത ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും.
മുഖ്യമന്ത്രിയുടെ ഓഫീസിലും സെക്രട്ടേറിയേറ്റിലും സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.