തിരുവനന്തപുരം: സോളാർ പീഡനക്കേസിലെ സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് പരാതിക്കാരി. “കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ട കാര്യങ്ങൾ കേസിലുണ്ട്. രാഷ്ട്രീയ പ്രേരിതമായ കേസല്ല,” പരാതിക്കാരി പറഞ്ഞു.
താനുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് പറയാനും പരസ്യമായി സംവദിക്കാനും ഉമ്മൻചാണ്ടി തയ്യാറാണോ എന്ന് പരാതിക്കാരി ചോദിച്ചു. പരസ്യ സംവാദത്തിനു താൻ തയ്യാറാണെന്നും പരാതിക്കാരി പറഞ്ഞു.
അതേസമയം, സോളാര്‍ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കില്ലെന്ന് ആരോപണവിധേയനായ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് വലിയ സമരം ചെയ്‌ത ഇടതുപക്ഷത്തിന് ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
സോളര്‍ പീഡനക്കേസ് സിബിഐയ്‌ക്ക് വിടാൻ സംസ്ഥാന സർക്കാർ ഇന്നാണ് തീരുമാനിച്ചത്. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മറ്റ് കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, എ.പി.അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ബിജെപി നേതാവ് എ.പി.അബ്‌ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള കേസുകളുടെ അന്വേഷണമാണ് സിബിഐക്ക് വിട്ടത്.
Read Also: സോളർ പീഡനക്കേസ് ഇനി സിബിഐ അന്വേഷിക്കും; ആരോപണം നേരിടുന്നവരിൽ ഉമ്മൻ ചാണ്ടിയടക്കമുള്ള പ്രമുഖർ
അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജനുവരി 20 ന് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകുകയായിരുന്നു.
മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും വച്ച് തന്നെ ലെെംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരി പറയുന്നത്. 2018 ഒക്ടോബറിലാണ് ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. തുടര്‍ന്ന് മുന്‍ മന്ത്രിമാരായ എ.പി.അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്കെതിരെയും പീഡനക്കേസ് ചുമത്തുകയായിരുന്നു.
അതേസമയം, സോളാർ കേസ് സിബിഐക്ക് വിടാനുള്ള സർക്കാർ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്നാണ് കോൺഗ്രസ് പറയുന്നത്. ഉമ്മന്‍ചാണ്ടി അടക്കമുളള നേതാക്കളെ തേജോവധം ചെയ്യാനാണ് നീക്കം. സര്‍ക്കാരിന്റെ രാഷ്ട്രീയപാപ്പരത്തം ജനം തിരിച്ചറിയുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.