തിരുവനന്തപുരം: മുൻ കേന്ദ്ര മന്ത്രിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ ഉൾപ്പെടെയുളളവർക്കെതിരെ പുതിയ ആരോപണവുമായി സരിത എസ്.നായർ. കോൺഗ്രസ് നേതാവിന്റെ മകനും മറ്റു ചില പ്രമുഖർക്കും മാഫിയ ഇടപാടുകളുണ്ട്. പേരുകൾ പിന്നീട് വെളിപ്പെടുത്തും. സോളാറുമായി ബന്ധമില്ലാത്ത മറ്റു ഇടപാടുകളിൽ എന്നെ കരുവാക്കി. മറ്റു സംസ്ഥാനങ്ങളിലെ ഉന്നതർക്കും ബിനാമി ഇടപാടുകളിൽ ബന്ധമുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ക്രൈംബ്രാഞ്ചിനു കൈമാറിയതായും സരിത മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തതിനുപിന്നാലെ സരിത അദ്ദേഹത്തെ പോയി കണ്ടിരുന്നു. സോളാറുമായി ബന്ധപ്പെട്ട കേസുകളിൽ തുടർ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ഈ സമയത്താണ് സരിത മുതിർന്ന കോൺഗ്രസ് നേതാവ് അടക്കമുളളവർക്കെതിരെ ആരോപണം ഉന്നയിച്ചുളള പരാതി മുഖ്യമന്ത്രിക്ക് കൈമാറിയത്. ഈ കത്തിലെ വിശദാംശങ്ങളാണ് സരിത ഇപ്പോൾ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തിയത്.

അതിനിടെ, സോളാർ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചേക്കും. ആരോപണവിധേയരായവർക്ക് റിപ്പോർട്ട് നൽകണം എന്നാവശ്യപ്പെടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ