കോഴിക്കോട്: സോളർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സരിത എസ്.നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം കോടതി റദ്ദാക്കി. സോളർ കമ്പനിയുടെ പേരിൽ കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിൽനിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്ത കേസാണ് കോഴിക്കോട് മുൻസിപ്പൽ മജിസ്ട്രേറ്റ് കോടതി പരിഗണിച്ചത്. അബ്ദുള്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞാണ് പണം വാങ്ങി വഞ്ചിച്ചത്. കേസിൽ ഫെബ്രുവരി 25 ന് വിധി പറയും.

കേസിലെ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാംപ്രതി സരിത എസ്.നായരും കോടതിയില്‍ ഹാജരായിരുന്നില്ല. കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നാണ് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് ബിജു രാധാകൃഷ്ണൻ വിശ്രമത്തിലാണെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാൽ സരിതയുടെ അഭിഭാഷകൻ ഹാജരാക്കിയ രേഖകളിൽ കീമോതെറാപ്പിയെ കുറിച്ച് വ്യക്തമാക്കിയിട്ടില്ലെന്നും കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണെന്നുമാണ് പറഞ്ഞിട്ടുളളതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

പ്രോസിക്യൂഷന്റെ വാദം ശരിവച്ച കോടതി സരിത, ബിജു രാധാകൃഷ്ണന്‍, മൂന്നാംപ്രതി മണിമോന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കി. സരിതയും ബിജുരാധാകൃഷ്ണനും സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. 2016 ജനുവരി 25 നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 36 സാക്ഷികളെ വിസ്തരിച്ചു. 2018 ഒക്ടോബറിൽ കേസിന്റെ വിചാരണ പൂർത്തിയായി.

Read More: സരിത എസ് നായരും ഉമ്മൻചാണ്ടിയും ഒരു തട്ടിപ്പ് കേസും; സോളാറിന്റെ നാൾവഴി

കേരളത്തെ പിടിച്ചുകുലുക്കിയ വലിയ തട്ടിപ്പാണ് സോളർ കേസിലൂടെ പുറത്തുവന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും ഓഫീസിനെയും പ്രതിക്കൂട്ടിലാക്കിയ സംഭവം വലിയ പ്രതിഷേധമാണ് സംസ്ഥാനത്താകമാനം ഉയർത്തിവിട്ടത്. സൗരോർജ്ജ പാടങ്ങളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ടീം സോളാർ മുന്നോട്ട് വച്ച പദ്ധതിയിൽ നൂറിലേറെ പേരാണ് നിക്ഷേപം നടത്തിയത്. എഴുപതിനായിരം രൂപ മുതൽ അമ്പത് ലക്ഷം രൂപ വരെ ഇവരിൽ നിന്ന് ടീം സോളാറിന് വേണ്ടി ബിജു രാധാകൃഷ്ണനും സരിത എസ് നായരും കൈപ്പറ്റിയത്.

ജസ്റ്റിസ് പി. ശിവരാജൻ കമ്മിഷൻ അദ്ധ്യക്ഷനായി സോളാർ കമ്മിഷൻ അന്വേഷണം ആരംഭിച്ചത് 2014 മാർച്ച് മൂന്നിനാണ്. മൂന്നര വർഷത്തെ അന്വേഷണത്തിന് ശേഷം 2017 സെപ്റ്റംബർ 26 ന് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.