തിരുവനന്തപുരം: സോളാര്‍ കേസില്‍ തന്നെ ബ്ലാക്ക്മെയില്‍ ചെയ്തത് ഒരാൾ മാത്രമല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ താന്‍ പുറത്തുപറഞ്ഞില്ലെന്നും ഇതിന്റെ പേരില്‍ പലരും തന്നെ ബ്ലാക്ക്മെയില്‍ ചെയ്തുവെന്നും ഉമ്മന്‍ചാണ്ടി കേസിലെ പ്രത്യേക അന്വേഷണസംഘം മുന്‍പാകെ മൊഴി നൽകി. തന്നെ ഒരാൾ ബ്ലാക്ക്മെയിൽ ചെയ്തുവെന്ന ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന ബിജെപി നേതാവ് കെ.സുരേന്ദ്രൻ നൽകിയ പരാതിയിലാണ് മൊഴിയെടുത്തത്.

സോളാർ കമ്മിഷൻ റിപ്പോർട്ടിലെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള ഉന്നത നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരേ ക്രിമിനൽ, വിജിലൻസ് കേസെടുത്ത് പ്രാഥമികമായി അന്വേഷിക്കാൻ ഉത്തരവിറങ്ങിയിരുന്നു. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനാണ് അന്വേഷണ ചുമതല.

സോളാർ തട്ടിപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പങ്കുള്ളതായി സോളാർ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ പഴ്സണൽ സ്റ്റാഫ് അംഗങ്ങളും ടീം സോളാറിനെ സഹായിച്ചുവെന്നും, ഉപഭോക്താക്കളെ കബളിപ്പിക്കാൻ സരിത എസ്.നായർക്ക് ഇവർ സഹായം നൽകിയെന്നും കമ്മീഷൻ കണ്ടെത്തി. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ വേണ്ടി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ വഴിവിട്ട് ഇടപെട്ടുവെന്നും കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.

സരിതയെ മകളെപ്പോലെ കാണേണ്ടവർ ലൈംഗികമായി ചൂഷണം ചെയ്തെന്ന് സോളാർ കമ്മിഷൻ കണ്ടെത്തിയിരുന്നു. സരിതയെ ലൈംഗികമായി പീഡിപ്പിച്ചവരുടെ പേരുകൾ റിപ്പോർട്ടിലെ കണ്ടെത്തലുകൾ എന്ന നിലയിലല്ല, സരിതയുടെ പരാതികൾ എന്ന നിലയിലാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുളളത്. തന്നെ പീഡിപ്പിച്ച 16 പേരുടെ പേരുകൾ വ്യക്തമാക്കിക്കൊണ്ടുളള സരിതയുടെ കത്തും അനുബന്ധമായി റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.