കൊച്ചി: സോളർ കമ്മിഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്ന സരിത എസ്.നായരുടെ കത്തും അതിലെ വിശദാംശങ്ങളും ചർച്ച ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക്. രണ്ടു മാസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. മാധ്യമങ്ങളടക്കം ആരും കത്ത് ചർച്ച ചെയ്യരുതെന്ന് കോടതി വ്യക്തമാക്കി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി വിലക്കേർപ്പെടുത്തിയത്.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടികള്‍ സ്റ്റേ ചെയ്യുക, സരിതയുടെ കത്തിലെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ അടക്കം ചര്‍ച്ചചെയ്യുന്നതില്‍ നിന്ന് വിലക്കുക എന്നിവയാണ് ഹർജിയിൽ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടത്. അതേസമയം, കത്ത് ചർച്ച ചെയ്യുന്നത് വിലക്കിയ കോടതി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരായ അന്വേഷണമോ മറ്റ് നടപടികളോ സ്‌റ്റേ ചെയ്യാന്‍ തയ്യാറായില്ല.

സോളര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ വിമര്‍ശനം ഏൽക്കേണ്ടിയും വന്നു. സോളര്‍ റിപ്പോർട്ടിനൊപ്പം കമ്മീഷൻ ഉൾപ്പെടുത്തിയ സരിതയുടെ കത്തിനെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമെന്നും വിചാരണയ്ക്കുമുന്‍പ് എങ്ങനെ നിഗമനങ്ങളിലെത്താനാകുമെന്നും കോടതി ചോദിച്ചു. ഹര്‍ജിക്കാരന്റെ മൗലികാവശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ