തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ പരസ്യ പ്രതികരണം നടത്തരുതെന്ന് ഹൈക്കമാന്റ് നിർദ്ദേശം. ഉമ്മൻചാണ്ടി, കെപിസിസി അദ്ധ്യക്ഷൻ എംഎം ഹസ്സൻ, വിഎം സുധീരനോടും ഉടൻ ഡൽഹിയിലെത്താൻ ഹൈക്കമാന്റ് ആവശ്യപ്പെട്ടു.
അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണം ഉയരുന്നതിനിടെ ഇന്ന് ഡൽഹിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെപിസിസി ഭാരവാഹിത്വത്തിലേക്ക് 282 അംഗങ്ങളുടെ പട്ടിക സമർപ്പിച്ചിരുന്നു. ഗ്രൂപ്പുകൾ തമ്മിലുള്ള ഒത്തുതീർപ്പ് പ്രകാരം തയ്യാറാക്കിയ പട്ടികയാണ് സമർപ്പിച്ചത്. ഇതിൽ സ്ത്രീകൾക്കും യുവാക്കൾക്കും പ്രാതിനിധ്യം കുറഞ്ഞതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.
അതേസമയം സോളാർ കേസിലെ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയായും സ്ഥിരീകരണം ഇല്ല.