ന്യൂഡൽഹി: സോളാർ അഴിമതിയിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ഉൾപ്പെട്ടതിൽ ഹൈക്കമാൻഡിന് ആശങ്കയെന്ന് റിപ്പോർട്ടുകൾ. കേസ് പാർട്ടിക്ക് വലിയ വെല്ലുവിളിയാണെന്ന് പാർട്ടി ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിൽ നിന്നെത്തിയ പാർട്ടി നേതാക്കളെ അറിയിച്ചതായി കേരളകൗമുദി റിപ്പോർട്ട് ചെയ്യുന്നു. പ്രശ്‌നം പരിഹരിക്കാൻ എന്തെങ്കിലും മാർഗം കേരളത്തിലെ നേതാക്കൾ തന്നെ നിർദ്ദേശിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞതായായാണ് വിവരം.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ സോളാർ കേസ് ചർച്ചയായെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ സ്ഥിരീകരിച്ചു. രാഹുലിന്‍റെ നിർദേശങ്ങൾ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യും. കെ.പി.സി.സി ഭാരവാഹികളുടെ പട്ടികയിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.

സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. പാർട്ടി പുനസംഘടന സംബന്ധിച്ച ചർച്ചകളിൽ പങ്കെടുക്കുന്നതിനാണ് ഡൽഹിയിലെത്തിയതെന്നാണ് കേരളത്തിലെ നേതാക്കന്മാർ ആദ്യം വ്യക്തമാക്കിയത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ, മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം. സുധീരൻ, വി.ഡി. സതീശൻ എം.എൽ.എ എന്നിവരാണ് രാഹുലിനെ കണ്ടത്‌.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ