തിരുവനന്തപുരം: സോളര്‍ പീഡനക്കേസ് അന്വേഷണം സിബിഐക്ക് വിട്ട നടപടിയിൽ പ്രതികരണവുമായി ഉമ്മൻ ചാണ്ടി. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. അഞ്ചുവര്‍ഷം ഭരിച്ചിട്ടും സര്‍ക്കാരിന് ആരോപണം തെളിയിക്കാനായില്ല. ജാള്യത മറയ്‌ക്കാനാണ് സർക്കാർ ശ്രമം. മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
“കേരളത്തിലെ ജനം എല്ലാം കാണുന്നുണ്ട്. ഇപ്പോഴത്തെ നടപടി സര്‍ക്കാരിനുതന്നെ തിരിച്ചടിയാകും. സർക്കാർ ജനാധിപത്യ മൂല്യങ്ങൾ അട്ടിമറിക്കുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാകില്ല. സിബിഐ അന്വേഷണത്തെ പേടിയില്ല,” ഉമ്മൻ ചാണ്ടി പറഞ്ഞു. സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സോളാര്‍ കേസുമായി ബന്ധപ്പെട്ട് വലിയ സമരം ചെയ്‌ത ഇടതുപക്ഷത്തിന് ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
അതേസമയം, സോളര്‍ പീഡനക്കേസ് ഇനി സിബിഐ അന്വേഷിക്കും. കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മറ്റ് കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാല്‍, എ.പി.അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ബിജെപി നേതാവ് എ.പി.അബ്‌ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള കേസുകളുടെ അന്വേഷണമാണ് സിബിഐക്ക് വിട്ടത്.
അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജനുവരി 20 നാണ് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
Read Also: ഓസ്ട്രേലിയൻ താരങ്ങളുള്ള ലിഫ്റ്റിൽ കയറാൻ അനുവദിച്ചില്ല; സിഡ്‌നിയിൽ നേരിട്ട വിവേചനത്തെ കുറിച്ച് അശ്വിൻ
മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും വച്ച് ലൈംഗികമായി തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി പറയുന്നത്. 2018 ഒക്ടോബറിലാണ് ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. തുടര്‍ന്ന് മുന്‍ മന്ത്രിമാരായ എ.പി.അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്കെതിരെയും പീഡനക്കേസ് ചുമത്തുകയായിരുന്നു.
അതേസമയം, സോളർ കേസ് സിബിഐക്ക് വിടാനുള്ള സർക്കാർ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്നാണ് കോൺഗ്രസ് പറയുന്നത്. ഉമ്മന്‍ചാണ്ടി അടക്കമുളള നേതാക്കളെ തേജോവധം ചെയ്യാനാണ് നീക്കം. സര്‍ക്കാരിന്റെ രാഷ്ട്രീയപാപ്പരത്തം ജനം തിരിച്ചറിയുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.