തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അടക്കമുളള നേതാക്കൾക്കെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് സരിത എസ്.നായർ. കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുമുണ്ട്. നിയമം എല്ലാവർക്കും ഒരുപോലെയാണ്. അത് സരിതയിലോ ബിജുവിലോ ടെനി ജോപ്പനിലോ ഒതുങ്ങേണ്ടതല്ല. തെറ്റ് ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടണം. ഉമ്മൻ ചാണ്ടി തെറ്റ് ചെയ്തിട്ടുണ്ട്. അതിന് അദ്ദേഹം ശിക്ഷ ഏറ്റുവാങ്ങണമെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

ഒറ്റയാൾ പോരാട്ടമായിരുന്നു എന്റേത്. ഒരുപാട് അപവാദം കേട്ടിട്ടുണ്ട്. ഒരുപാട് പേർ ചെളി വാരി എറിഞ്ഞിട്ടുണ്ട്. പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കപ്പെട്ടതിൽ സന്തോഷം. ഒരു സ്ത്രീ എന്ന നിലയിൽ അഭിമാനം തോന്നുന്നു. കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി പ്രഖ്യാപിച്ചത് ആദ്യ പടി മാത്രം. കമ്മിഷന്റെ കണ്ടെത്തലുകളിൽ ഇനി അന്വേഷണം വേണം. കത്തിൽ പറഞ്ഞതിനെക്കാൾ കൂടുതൽ തെളിവുകൾ നൽകും. മൂടി വയ്ക്കപ്പെട്ട പല സത്യങ്ങളും പുറത്തുവരും. ഒരു സ്ത്രീ എന്ന നിലയിൽ തനിക്ക് നീതി ലഭ്യമാക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയനു നന്ദിയെന്നും സരിത പറഞ്ഞു.

(കടപ്പാട്: മാതൃഭൂമി)

സോളാർ കേസിൽ വൈകിയാണെങ്കിലും തനിക്ക് നീതി കിട്ടിയെന്ന് നേരത്തെ സരിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താൻ പറഞ്ഞതെല്ലാം ശരിയാണെന്ന് പൊതുജനമധ്യത്തിൽ തെളിയിക്കാനായതിൽ സന്തോഷം. മറ്റു റിപ്പോർട്ടുകളെപ്പോലെ സോളാർ കമ്മിഷനും റിപ്പോർട്ടും ആയിപ്പോകുമോയെന്ന് ഭയമുണ്ടായിരുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ താൻ ഉന്നയിച്ച വിഷയങ്ങളെല്ലാം ശരിയാണെന്ന് കണ്ടെത്തിയതിൽ സന്തോഷം. തെറ്റ് ചെയ്തവർക്ക് തക്ക ശിക്ഷ കിട്ടുമെന്ന് തന്നെയാണ് വിശ്വാസമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ